പയ്യോളി നഗരസഭാ സ്റ്റേഡിയം നിർമാണ സാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രമായി
1592616
Thursday, September 18, 2025 5:41 AM IST
പയ്യോളി: പയ്യോളി നഗരസഭയുടെ കീഴിലുള്ള ഇ കെ നായനാർ മിനി സ്റ്റേഡിയം നിർമാണ സാമഗ്രികളുടെ സൂക്ഷിപ്പ് കേന്ദ്രമായി മാറുന്നത് പതിവാകുന്നു. മഴ മാറി കളിസ്ഥലം ഉപയോഗപ്രദമായ സമയത്താണ് കുടിവെള്ള പദ്ധതിക്ക് വേണ്ടിയുള്ള പൈപ്പുകൾ ഇറക്കി കളിസ്ഥലം കരാറുകാർ കയ്യേറിയത്. പൈപ്പിറക്കുന്ന സമയത്ത് തന്നെ നാട്ടുകാർ ഇതിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നഗരസഭയുടെ അനുമതി ഉണ്ടെന്നാണ് കരാറുകാരുടെ വിശദീകരണം.
പയ്യോളി നഗരസഭയുടെ കീഴിലുള്ള ഏക കളിസ്ഥലമാണ് ഇത്തരത്തിൽ സ്വകാര്യ വ്യക്തികൾക്ക് വേണ്ടി നശിപ്പിക്കപ്പെടുന്നത്.യുവതലമുറയെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കാനായി കളിസ്ഥലങ്ങളിലേക്ക് ഇവരെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് പയ്യോളി നഗരസഭയുടെ കളിസ്ഥലം പോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. സാധനങ്ങൾ ഇറക്കാൻ വന്നതിനെ തുടർന്ന് ചെളിയിൽ കുളിച്ച നിലയിലാണ് ഇപ്പോൾ മുനിസിപ്പൽ സ്റ്റേഡിയം.
നടക്കാൻ പോലും ബുദ്ധിമുട്ടുള്ള ഇവിടെ എങ്ങനെ കളിക്കും എന്നാണ് കുട്ടികളുടെ ചോദ്യം. അതിരാവിലെയും രാത്രിയും വ്യായാമത്തിനായി ഗ്രൗണ്ടിൽ എത്തുന്നവരും ഇതുമൂലം പ്രയാസപ്പെടുകയാണ്.