മന്ത് രോഗ നിവാരണം: സര്‍വേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
1227180
Monday, October 3, 2022 12:50 AM IST
കാസർഗോഡ്: 2027ഓടെ മന്ത് രോഗ നിവാരണം ലക്ഷ്യം കൈവരിക്കുന്നതിനുള്ള തീവ്രയജ്ഞ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ട്രാന്സ്മിഷന് അസസ്മെന്റ് സര്‍വേ അന്തിമ ഘട്ടത്തിലേക്ക്. 2015 വരെ സമൂഹ മന്ത് രോഗ ചികിത്സാ പദ്ധതിയിലൂടെ മന്തുരോഗാണുവിന്റെ വ്യാപനത്തോത് കുറയ്ക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഫലപ്രാപ്തി നിര്‍ണയത്തിനുള്ള ട്രാന്സ്മിഷന് അസസ്മെന്റ് സര്‍വേ 2017, 2019 വര്‍ഷങ്ങളില്‍ ജില്ലയില്‍ നടത്തിയിരുന്നു. 1,2 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും രക്തസാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തി രോഗവ്യാപനത്തോത് കണ്ടെത്തുകയായിരുന്നു. 2017ലും 2019ലും നടന്ന സര്‍വേകളില്‍ ജില്ലയില്‍ കുറഞ്ഞ വ്യാപന നിരക്ക് മാത്രമാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് അന്തിമ ഘട്ടം എന്നുള്ള നിലയില്‍ മൂന്നാം ഘട്ട സര്‍വs നടത്തുന്നത്. 17 മുതല്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളിലാണ് സര്‍വേ നടത്തുന്നത്.
ഈ വിദ്യാലയങ്ങളിലെത്തി 1 ,2 ക്ലാസ്സുകളിലുള്ള 1684 കുട്ടികളില്‍ നിന്ന് രക്ത സാമ്പിളുകള്‍ ശേഖരിക്കാന്‍ എട്ടു ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിലും ഒരു നോഡല്‍ ടീച്ചറെയും ഈ പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ.ഇ.മോഹനന്, അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എന്‍ഡമോളജി എം.എസ്.ശശി, മലേറിയ കണ്‍സല്‍ട്ടന്റ് ടി.സുരേഷ്, ഫൈലേറിയ കണ്‍സല്‍ട്ടന്റ് വി.സന്തോഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്നിക്കല്‍ അസ്സിസ്റ്റന്റ് കെ.പി.ജയകുമാര്‍, വിബിഡി ഓഫീസര്‍ എം.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.