മംഗല്പാടിയില് 160 കിലോഗ്രാം പ്ലാസ്റ്റിക് ഉത്പന്നങ്ങള് പിടികൂടി
1281531
Monday, March 27, 2023 1:28 AM IST
ഉപ്പള: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങള് കണ്ടെത്തി നിയമനടപടി സ്വീകരിക്കാന് രൂപവത്ക്കരിച്ച പ്രത്യേക എന്ഫോഴ്സ്മെന്റ് സംഘം മംഗല്പാടി പഞ്ചായത്തിലെ 14 കടകളില് പരിശോധന നടത്തി. വിവിധ കടകളില് നിന്ന് 160 കിലോ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങള് പിടിച്ചെടുത്തു.
പാര്ക്കിംഗ് പാലസ് ഉപ്പള എന്ന സ്ഥാപനത്തില് നിന്ന് നൂറു കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളായ പ്ലാസ്റ്റിക് ഗ്ലാസ്, പോളിത്തീന് ബാഗ്, പ്ലാസ്റ്റിക് കവര്, പ്ലാസ്റ്റിക് കണ്ടെയ്നര് എന്നിവ പിടിച്ചെടുത്തു. കൂടാതെ റോഡരികില് പ്ലാസ്റ്റിക് കവറില് സാധനങ്ങള് വില്പ്പന നടത്തുന്നവര്ക്ക് മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എന്ഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. ജില്ലാ ശുചിത്വ മിഷന് എന്ഫോഴ്സ്മെന്റ് ഓഫീസറുടെ നേതൃത്വത്തില് നടന്ന പരിശോധനയില് പോലീസ് ഉദ്യോഗസ്ഥന്, മംഗല്പാടി ഗ്രാമപഞ്ചായത്ത് ഹെല്ത്ത് വിഭാഗം ഉദ്യോഗസ്ഥന്, ഇന്റേണല് വിജിലന്സ് വിഭാഗം ഉദ്യോഗസ്ഥര്, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.