കൂര്‍ഗിലെ മഞ്ഞത്തവളയും ലക്കിടിയിലെ പാമ്പും റാണിപുരം വനത്തില്‍
1338130
Monday, September 25, 2023 1:13 AM IST
രാജപുരം: വനം വകുപ്പിന്റെയും ആരണ്യകം ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ റാണിപുരം വനത്തില്‍ ആദ്യമായി നടത്തിയ ഉരഗ-ഉഭയജീവി സര്‍വേയില്‍ കണ്ടെത്തിയത് നൂറോളം അപൂര്‍വ ഇനങ്ങളെ.
കേരളത്തില്‍ അപൂര്‍വമായി മാത്രം കണ്ടെത്തിയിട്ടുള്ള കൂര്‍ഗ് മഞ്ഞ ഇലത്തവള, കുദ്രേമുഖ് ഇലത്തവള, തീവയറന്‍ നീര്‍ച്ചൊറിയന്‍, ഗുണ്ടിയ പാറത്തവള, ലക്കിടി കവചവാലന്‍ പാമ്പ്, മോന്തയുന്തി പാമ്പ് എന്നിവയെ റാണിപുരത്ത് കണ്ടെത്തി.
സര്‍വേയില്‍ കണ്ടെത്തിയ 45 ഉഭയജീവികളില്‍ 35 ഇനങ്ങളും 53 ഉരഗങ്ങളില്‍ 15 ഇനങ്ങളും പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയാണ്.
ഉഭയജീവികളില്‍ പന്ത്രണ്ടും ഉരഗങ്ങളില്‍ അഞ്ചും ഇനങ്ങള്‍ വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ ഐയുസിഎന്‍ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്.
ഹെര്‍പ്പറ്റോളജിസ്റ്റ് ഡോ.സന്ദീപ് ദാസ്, വനംവകുപ്പിന്റെ സര്‍പ്പ മാസ്റ്റര്‍ ട്രെയിനര്‍മാരായ കെ.ടി. സന്തോഷ് പനയാല്‍, ജോജു ജാവാത്, മനോജ് അര്ജുന്, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആര്.കെ. രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു വനിതകളുള്‍പ്പെടെ 15 സന്നദ്ധ പ്രവര്‍ത്തകരുടെ സംഘമാണ് രാത്രിയും പകലുമായി വനത്തില്‍ സര്‍വേ നടത്തിയത്.
ഉരഗങ്ങളും ഉഭയജീവികളും പുറത്തിറങ്ങുന്ന സമയം നോക്കിയാണ് രാത്രികാലങ്ങളിലും പെരുമഴയത്തും സര്‍വേയ്ക്കായി ഇറങ്ങിയത്.
സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി നടത്തിയ വന്യജീവി രക്ഷാ പരിശീലനത്തില്‍ ഇരുന്നൂറോളം പേര് പങ്കെടുത്തു.
ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. ധനേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷ്റഫ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ എ.പി. ശ്രീജിത്ത്, ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ.സന്ദീപ് ദാസ്, സന്തോഷ് പനയാല്‍, ജോജു ജാവാത് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.