റേഷൻ കാർഡ് മസ്റ്ററിംഗ്: ജില്ലയിൽ പൂർത്തിയായത് 74 ശതമാനം
1460281
Thursday, October 10, 2024 8:37 AM IST
കാസർഗോഡ്: മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗിനായി സർക്കാർ അനുവദിച്ച സമയപരിധി കഴിഞ്ഞപ്പോൾ ജില്ലയിൽ പൂർത്തിയായത് 74 ശതമാനം മാത്രം. അന്ത്യോദയ അന്നയോജന (എഎവൈ - മഞ്ഞ) വിഭാഗത്തിൽ ജില്ലയിലാകെ 1,22,784 കാർഡുകൾ ഉള്ളതിൽ 96,589 കാർഡുകളുടെ മസ്റ്ററിംഗാണ് പൂർത്തിയായത്. മുൻഗണന (പിങ്ക്) വിഭാഗത്തിൽ 4,97,428 കാർഡുകളുള്ളതിൽ 3,64,958 കാർഡുകളുടെ മസ്റ്ററിംഗ് പൂർത്തിയായി.
സ്ഥലത്തില്ലാത്ത അംഗങ്ങളാണ് മസ്റ്ററിംഗ് നടത്താൻ കൂടുതലായി ബാക്കിയുള്ളത്. 10 വയസിൽ താഴെയുള്ള കുട്ടികളുടെ കാര്യത്തിൽ ആധാർ കാർഡുകൾ നിശ്ചിത സമയപരിധിയിൽ പുതുക്കാതിരുന്നത് മസ്റ്ററിംഗിന് തടസമായി. ഇവർ ഇനി ആധാർ എൻറോൾമെന്റ് കേന്ദ്രങ്ങളിൽ ചെന്ന് ആധാർ കാർഡ് പുതുക്കിയതിനുശേഷം വീണ്ടും മസ്റ്ററിംഗിനായി അവസരം കിട്ടാൻ കാത്തുനില്ക്കേണ്ടിവരും.
കൈ കൊണ്ട് കഠിനമായ ജോലികൾ ചെയ്യുന്ന തൊഴിലാളികളുടെ വിരലടയാളത്തിൽ വ്യത്യാസമുണ്ടാകുന്നതും മസ്റ്ററിംഗിന് തടസമായി. മരിച്ച അംഗങ്ങൾ മസ്റ്ററിംഗിനുള്ള സമയപരിധിക്കു ശേഷം സ്വാഭാവികമായി റേഷൻ കാർഡുകളിൽനിന്ന് ഒഴിവാകും. മസ്റ്ററിംഗ് പൂർത്തിയാകാൻ ഏറെ സമയമെടുക്കുന്നതിനാൽ അവസാനദിവസമായ ചൊവ്വാഴ്ച രാത്രി വൈകിയും ജില്ലയിൽ മിക്കയിടങ്ങളിലും റേഷൻകടകളിൽ വലിയ തിരക്കായിരുന്നു. സ്കൂൾ വിട്ടിറങ്ങിയ കുട്ടികളെയും കൊണ്ട് മസ്റ്ററിംഗിനെത്തിയവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു.
കുട്ടികളുടെ ആധാർ കാർഡ് പുതുക്കാതിരുന്നവർ വീണ്ടും അക്ഷയ കേന്ദ്രങ്ങളിലേക്കു പോയി ആധാർ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാനാകാത്തതിനാൽ മിക്കവരും നിരാശയോടെ മടങ്ങി. മസ്റ്ററിംഗ് നടത്താനാകാത്തവരുടെ റേഷൻ വിഹിതം അടുത്തമാസം മുതൽ ഇല്ലാതാകുമെന്നാണ് സർക്കാരിന്റെ അറിയിപ്പ്. എങ്കിലും സാങ്കേതികപ്രശ്നങ്ങളും മറ്റും മൂലം മസ്റ്ററിംഗ് നടത്താൻ കഴിയാതെ പോയവർ ഏതെങ്കിലും തരത്തിൽ വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്.