മലയോരത്ത് വീണ്ടും ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു
1576984
Saturday, July 19, 2025 12:39 AM IST
ചിറ്റാരിക്കാൽ: മലയോരമേഖലയിൽ വീണ്ടും ബ്ലേഡ് മാഫിയകൾ പിടിമുറുക്കുന്നു. കാലവർഷക്കെടുതിയും വ്യാപാരമേഖലയിലെ പ്രതിസന്ധികളും വിദ്യാർഥികളുടെ ഉപരിപഠനച്ചെലവുമൊക്കെയാണ് പലിശക്കാർക്ക് വളമാകുന്നത്. ഇടക്കാലത്ത് ഓപ്പറേഷൻ കുബേര ശക്തമായതോടെ ബ്ലേഡ് സംഘങ്ങളുടെ പ്രവർത്തനം കുറച്ചെങ്കിലും മന്ദീഭവിച്ചിരുന്നു.
പിന്നീട് പോലീസിന്റെ പരിശോധനകൾ ഏറെക്കുറെ നിലച്ചതോടെ വിവിധ മേഖലകളിൽ പലിശക്കാർ വീണ്ടും തലപൊക്കി. വാഹന വായ്പകളുടെയും ബാങ്ക് വായ്പകളുടെയും തിരിച്ചടവ് മുടങ്ങുമ്പോഴും മക്കളുടെ ഉപരിപഠന ആവശ്യങ്ങൾക്ക് വിദ്യാഭ്യാസവായ്പ കിട്ടാതെ വലയുമ്പോഴുമെല്ലാം ബ്ലേഡ് സംഘങ്ങൾ രക്ഷകരായി അവതരിക്കുന്നു.
പിന്നീട് തിരിച്ചടവ് മുടങ്ങിയാൽ ഇടപാടുകാരിൽ നിന്നു വാങ്ങിയ ബ്ലാങ്ക് ചെക്കുകൾ ഉപയോഗിച്ച് കള്ളക്കേസുകൾ സൃഷ്ടിച്ച് ഭീമമായ തുക കൈപ്പറ്റുന്ന സംഘങ്ങളുണ്ട്. ഭീമമായ പലിശ കിട്ടാതെ വരുമ്പോൾ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലും കയറി ഭീഷണിപ്പെടുത്തുന്നതും പതിവാണ്.
എന്തിനും തയാറായി കൂടെയുള്ള സംഘങ്ങളെ ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തുന്നത്. ഒരുതവണ ഇവരുടെ പക്കൽ നിന്ന് പണം വാങ്ങിച്ചാൽ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ പതിന്മടങ്ങ് നൽകിയാലും കടം തീരാത്ത നിലയാകും. കേസുകളുടെ നൂലാമാലകളിൽ പെടുമെന്നു ഭയന്ന് ഇടപാടുകാർ മിക്കവാറും മറ്റൊരു പലിശക്കാരനിൽ നിന്ന് കടം വാങ്ങി ആദ്യത്തെയാളിന് പലിശ നല്കും.
വസ്തു ഈടായി വാങ്ങി കൈവശപ്പെടുത്തുന്നവരുമുണ്ട്. ഇങ്ങനെ കിടപ്പാടം നഷ്ടപ്പെട്ട് വാടക വീടുകളിലേക്ക് മാറേണ്ടിവന്നവരും നാട്ടിൽ നിന്നുതന്നെ പോയവരും നിരവധിയാണ്. പലരും പെട്ടെന്ന് പ്രതിസന്ധിയിലായതായി കാണുമ്പോൾ മാത്രമാണ് അവർ ബ്ലേഡ് മാഫിയയുടെ വലയിൽ പെട്ടിട്ടുണ്ടെന്ന് ബന്ധുക്കളും അയൽക്കാരും പോലും മിക്കവാറും അറിയുക.
ടാക്സി ഡ്രൈവർമാരും സർക്കാർ ഉദ്യോഗസ്ഥരും ജോലിയിൽ നിന്ന് വിരമിച്ചവരുമടക്കം ബ്ലേഡ് മാഫിയയുടെ നടത്തിപ്പുകാരും ഏജന്റുമാരുമായി രംഗത്തുണ്ട്. നാട്ടുകാർക്ക് പുറമേ തമിഴ്നാട്ടിൽനിന്നും ഉത്തരേന്ത്യയിൽ നിന്നുമുള്ള പലിശ ഇടപാടുകാരും ഉൾനാടുകളിൽ പോലും സജീവമാണ്. ആവശ്യക്കാർക്ക് ഒരു ഫോൺകോളിൽ തുക വീട്ടിലെത്തിച്ച് കൊടുക്കുമെന്നതാണ് ഇവരുടെ വാഗ്ദാനം.
ഒറ്റ ഫോൺ കോൾ കൊണ്ട് ജീവിതം തന്നെ മാറിമറിയുന്ന തരത്തിലുള്ള കുരുക്കുകളിലേക്കാണ് പോകുന്നതെന്ന് തുടക്കത്തിൽ പലരും മനസിലാക്കുന്നില്ല. സാധാരണക്കാരാണ് സംഘങ്ങളുടെ വലയിൽ ഏറ്റവുമധികം വീഴുന്നതെന്ന് അനുഭവസ്ഥർ റയുന്നു.