കുളങ്ങാട്ട് മലയിലും തൃക്കണ്ണാട് കടപ്പുറത്തും മുന്‍കരുതല്‍ ശക്തിപ്പെടുത്തും
1576850
Friday, July 18, 2025 6:27 AM IST
കാസര്‍ഗോഡ്: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തരയോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു. ചെറുവത്തൂര്‍ കുളങ്ങാട്ട് മലയില്‍ വിള്ളല്‍ ഉണ്ടായ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം നല്കി.
ഇവിടെ റവന്യൂ, പോലീസ്, ഫയര്‍ഫോഴ്സ്, വനം, തദ്ദേശസ്വയംഭരണം വകുപ്പുകള്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലായ പ്രദേശങ്ങളില്‍ കാഴ്ചക്കാരായി ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
വെള്ളക്കെട്ട് ഉണ്ടായ പ്രദേശങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കും. തൃക്കണ്ണട്, കോട്ടിക്കുളം തീരത്ത് കടലേറ്റം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കുന്നതിന് ജലവിഭവ വകുപ്പിന് നിര്‍ദ്ദേശം നല്കി. അപകടനിലയിലുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി.