കുളങ്ങാട്ട് മലയുടെ പാർശ്വം ഇടിഞ്ഞു
1576855
Friday, July 18, 2025 6:27 AM IST
ചെറുവത്തൂർ: നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും കുളങ്ങാട്ട് മലയുടെ പാർശ്വമിടിഞ്ഞ് താഴ്ന്നു. കുന്നിന് താഴെയുള്ള വീടിന് മുകളിലേക്ക് കടപുഴകിയ മരങ്ങളും ചരൽമണ്ണും വീഴുകയായിരുന്നു. വീടിനടുത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്കും കേടുപാട് പറ്റി.
പഴയങ്ങാടി ചെങ്ങൽ സ്വദേശിയും ടാക്സി ഡ്രൈവറുമായ നെല്ലിക്കാലിലെ ടി. മനോജിൻന്റെ വീടിന്റെ പിൻഭാഗത്തേക്കാണ് മലഞ്ചെരുവിലെ മരങ്ങൾ കടപുഴകി വീണത്.വീടിന്റെ അടുക്കള ഭാഗത്ത് ജിഐ ഷീറ്റുകൊണ്ട് നിർമിച്ച ഭാഗം തകർന്നു വീണു. നിരവധി കാർഷിക വിളകളും നശിച്ചു. 15 ൽപ്പരം കമുകുകളും തെങ്ങും ഉൾപ്പെടെ നശിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. മലയുടെ പടിഞ്ഞാറ് നെല്ലിക്കാൽ ഭാഗത്താണ് പാറക്കല്ലുകൾ ഉരുണ്ടു വീണത്. മണ്ണിനൊപ്പം മരങ്ങളും വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.
മലയിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുമ്പോൾ മനോജിന്റെ ഭാര്യ വിനീത, മക്കളായ കിരൺ, കൃഷ്ണപ്രിയ എന്നിവരും ഭാര്യാമാതാവ് നാരായണിയും വീടിന്റെ വരാന്തയിലുണ്ടായിരുന്നു. മനോജിന്റെ കുടുംബവും തൊട്ടടുത്ത വിനോദ്, ഷാജി, അഷ്റഫ് എന്നിവരുടെ കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.
എഡിഎം പി. അഖിൽ, തഹസിൽദാർ, ടി. ജയപ്രസാദ്, തൃക്കരിപ്പൂർ എംഎൽഎ എം. രാജഗോപാലൻ, കെ.വി. പ്രഭാകരന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ നിലയത്തിൽ നിന്ന് അഗ്നി രക്ഷാസേന, കെ.എം. സതീഷ് വർമയുടെ നേതൃത്വത്തിൽചന്തേര പോലീസ്, വനം വകുപ്പ് അധികൃതർ തുടങ്ങി വിവിധ മേഖലയിലുള്ളവർ സ്ഥലത്തെത്തി.