തെരുവുനായശല്യം: ദയാവധ ഉത്തരവ് കണ്ണിൽ പൊടിയിടാനെന്ന് ഡോ. ടിറ്റോ ജോസഫ്
1576849
Friday, July 18, 2025 6:27 AM IST
കാഞ്ഞങ്ങാട്: ആവശ്യമായി വന്നാൽ തെരുവുനായ്ക്കളെ ദയാവധം നടത്താമെന്ന സർക്കാരിന്റെ ഉത്തരവ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് നേതാവുമായ ഡോ. ടിറ്റോ ജോസഫ്.
നിലവിലുള്ള നിയമം ഒന്നുകൂടി പറയുക മാത്രമാണ് ഉത്തരവിൽ ചെയ്തിരിക്കുന്നത്. ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത അവസ്ഥയിലുള്ള നായ്കളെ മാത്രമേ ദയാവധം നടത്താനുള്ള സർട്ടിഫിക്കറ്റ് കൊടുക്കാൻ ഡോക്ടർമാർക്ക് സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം മൃഗസ്നേഹികളുടെ ഭാഗത്തുനിന്നുള്ള നിയമനടപടികൾ നേരിടേണ്ടിവരും.
പാതയോരങ്ങളിലെത്തുന്ന അറവ് മാലിന്യമാണ് തെരുവുനായ്ക്കൾ നാടും നഗരവും കീഴടക്കുന്നതിനുള്ള പ്രധാന കാരണം. സംസ്ഥാനത്ത് അറവ് മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് മറ്റു തരത്തിലുള്ള ഉത്പന്നങ്ങളാക്കുന്നതിനായി തുടങ്ങിയ സ്ഥാപനങ്ങൾ പോലും നിലച്ചു പോകുന്ന അവസ്ഥയിലാണ്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ പിന്തുണയും പ്രോത്സാഹനവും വേണ്ടത്ര ലഭിക്കുന്നില്ല. മാലിന്യം തെരുവിലേക്ക് വലിച്ചെറിയുന്നതിന് ശിക്ഷ ഉറപ്പാക്കണം.
പേവിഷബാധ മൂലം മരണമുണ്ടാകുമ്പോൾ മാത്രം അധികാരികളും മാധ്യമങ്ങളും ഇടപെട്ടാൽ പോരാ. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ശാസ്ത്രീയമായ സമീപനവും നടപടികൾക്ക് തുടർച്ചയും ഉണ്ടാകണം. മൊബൈൽ എബിസി പദ്ധതി നല്ല നിർദേശമാണ്. പക്ഷേ അത് കൃത്യമായി നടപ്പാക്കപ്പെടുന്ന കാര്യത്തിൽ സർക്കാരിന്റെ ഇടപെടലുകൾ ഉണ്ടാകണം. വാക്സിനേഷൻ, ലൈസൻസ്, മൃഗസ്നേഹികളുടെ ഭാഗത്തുനിന്ന് തെരുവ് നായ്ക്കളെ ദത്തെടുക്കൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.