ജില്ലയിൽ കനത്ത മഴ; നിരവധി വീടുകൾ തകർന്നു
1576857
Friday, July 18, 2025 6:27 AM IST
കാസർഗോഡ്:ചെമ്മനാട് കളനാട് നടക്കാലിൽ കൂറ്റൻ പാറക്കല്ല് വീണ് വീട് തകർന്നു. നടക്കാലിലെ മിതേഷിന്റെ വീടാണ് തൊട്ടടുത്ത പറമ്പിൽ നിന്നുള്ള പാറക്കല്ല് ഉരുണ്ടുവീണ് തകർന്നത്.
ഈ പാറക്കല്ല് വീടിന് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി മിതേഷ് നേരത്തേ കളനാട് വില്ലേജ് ഓഫീസർക്കും ചെമ്മനാട് പഞ്ചായത്തിനും പരാതി നല്കിയിരുന്നു. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാതിരുന്നതാണ് വീട് തകരുന്ന നിലയിലെത്തിച്ചതെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പാറക്കല്ല് വീടിനുമേൽ ഉരുണ്ടുവീണത്. ഓടിട്ട വീടിന്റെ ഒരുവശത്തെ ഭിത്തി പാടേ തകർന്നു. ചെങ്കല്ലും മണ്ണും കൊണ്ട് നിർമിച്ച വീടിന്റെ മറ്റു ഭാഗങ്ങളിലും വിള്ളൽ വീണിട്ടുണ്ട്. അപകടസമയത്ത് മിതേഷിന്റെ ഭാര്യ ചൈത്ര മാത്രമാണ് വീടിനകത്തുണ്ടായിരുന്നത്. ഇവർ പുറത്തേക്കോടി രക്ഷപ്പെട്ടു.
മിതേഷ് തൊട്ടടുത്തുതന്നെയുള്ള വർക്ക് ഷോപ്പിലെ ജോലിസ്ഥലത്തും ഇവരുടെ കുട്ടിയും മിതേഷിന്റെ പ്രായമായ അമ്മയും അടുത്തുള്ള ക്ഷേത്രത്തിലുമായിരുന്നു. ആകെയുള്ള വീട് തകർന്നതോടെ പെരുമഴയത്ത് എങ്ങോട്ട് പോകുമെന്നറിയാത്ത നിലയിലാണ് കുടുംബം.
കുന്നുംകൈ: കുന്നുംകൈ മുള്ളിക്കാട് പടിഞ്ഞാറേട്ട് ജോസഫ് മാത്യുവിന്റെ വീടിന്റെ മുറ്റത്തിന്റെ പാർശ്വഭിത്തി പൂർണമായി ഇടിഞ്ഞുതാണു. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് സംഭവം.
റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടിരുന്നു. വീട് അപകടഭീഷണിയിലാണ്. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ബിരിക്കുളം: ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും പുലിയംകുളം ആർടിഒ ടെസ്റ്റിംഗ് ഗ്രൗണ്ടിലെ കാത്തിരിപ്പ് പന്തൽ തകർന്നുവീണു.
രാത്രി തകർന്നു വീണതിനാൽ വൻ ദുരന്തം ഒഴിവായി. പകൽ സമയങ്ങളിൽ ഗ്രൗണ്ടിൽ ടെസ്റ്റിന് എത്തുന്നവർ കാത്തുനിൽക്കുന്ന കാത്തിരുപ്പ് കേന്ദ്രമാണ് കാറ്റിൽ തകർന്നു വീണത്.
വൈകുന്നേരം ഡ്രൈവിംഗ് സ്കൂളുകാരുടെ ചില വാഹനങ്ങൾ പന്തലിനടിയിൽ പാർക്ക് ചെയ്തിരുന്നത് വിഴുന്നതിനടിയിൽ പെട്ട് ഭാഗികമായി തകർന്നു .