തൃക്കണ്ണാട് സംസ്ഥാനപാത തകര്‍ച്ചയിലേക്ക്
1576854
Friday, July 18, 2025 6:27 AM IST
ഉദുമ: കനത്തമഴയെ തുടര്‍ന്ന് കാസര്‍ഗോഡ്- കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ തൃക്കണ്ണാട്ട് റോഡുവക്കിലെ മണ്ണ് ഒലിച്ചുപോയി, കടലാക്രമണം ഇനിയും ശക്തമായാല്‍ കടല്‍ റോഡിലേയ്ക്കെത്തുമെന്ന് ആശങ്ക. പ്രശ്നത്തിനു ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഗുരുതരമായ സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് കാണിച്ച് പോലീസ് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
ബുധനാഴ്ച്ച രാത്രി ഉണ്ടായ ശക്തമായ മഴയെതുടര്‍ന്ന് കെഎസ്ടിപി റോഡിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായിരുന്നു. കടലാക്രമണം തുടരുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിനു മുന്‍വശത്ത് റോഡരികിലെ മണ്ണ് കടലിലേയ്ക്ക് ഒഴുകിപ്പോയി. സ്ഥലത്ത് വലിയ ഗര്‍ത്തം രൂപം കൊണ്ടിട്ടുണ്ട്.
ഇന്നലെ ഉച്ചവരെ മഴ മാറിനിന്നെങ്കിലും ഉച്ചകഴിഞ്ഞ് മഴ ശക്തിപ്രാപിച്ചതോടെ ആശങ്കയേറിയിട്ടുണ്ട്. കനത്ത മഴ തുടരുകയും കടലാക്രമണം കൂടുതല്‍ രൂക്ഷമാവുകയും ചെയ്താല്‍ റോഡിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. റോഡില്‍ നിന്നു അഞ്ചു മീറ്റര്‍ അകലെയാണ് ഇപ്പോള്‍ കടലിന്റെ സ്ഥാനം.
ചരിത്രത്തില്‍ ആദ്യമായാണ് തൃക്കണ്ണാട്ട് ഇത്തരമൊരു സ്ഥിതിവിശേഷമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്ഥലത്ത് ബേക്കല്‍ പോലീസ് കാവല്‍ നില്‍ക്കുന്നുണ്ട്.