കെഎസ്ഇബി കരാര്‍ തൊഴിലാളിയെ കടുവ ആക്രമിച്ചു
1244264
Tuesday, November 29, 2022 10:50 PM IST
പത്തനംതിട്ട: വനമേഖലയിൽ വൈദ്യുത ലൈൻ ജോലിയിൽ ഏർപ്പെട്ട തൊഴിലാളിയെ കടുവ ആക്രമിച്ചു. ശബരിഗിരി - പള്ളം വൈദ്യുതലൈനിന്റെ ജോലികൾക്കെത്തിയ കെഎസ്ഇബി കരാർ തൊഴിലാളിയെയാണ് ഇന്നലെ ഉച്ചയോടെ കടുവ ആക്രമിച്ചത്.
ആങ്ങമുഴി കൊച്ചാണ്ടി കാരക്കല്‍ അനു കുമാറി(42)നാണ് ഗുരുതരമായി പരിക്കേറ്റത്.
സീതത്തോട് കോട്ടമണ്‍പാറയില്‍ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. 18 തൊഴിലാളികളാണ് പണിക്ക് എത്തിയിരുന്നത്. വനമേഖലയിലെ നാല് കിലോമീറ്റര്‍ ഉള്ളിലാണ് സംഭവം ഉണ്ടായത്. പന്നിയെ ആക്രമിച്ചു കൊണ്ടിരുന്ന കടുവ പൊടുന്നനേ അനു കുമാറിനുനേരേ തിരിയുകയായിരുന്നുവെന്ന് പറയുന്നു. ആക്രമണത്തിൽ ശരീരത്തിലാകമാനം പരിക്കേറ്റു.
വയറിനും ആഴത്തില്‍ മുറിവേറ്റു. അനുവിന്റെ നിലവിളി കേട്ട് ഓടി വന്ന സഹപ്രവര്‍ത്തകരെ കണ്ട് കടുവ ഓടിമറഞ്ഞു. പരിക്കേറ്റ അനുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി.