ചുള്ളൻ കൊന്പൻ ജനവാസ മേഖലയിൽ നിത്യസന്ദർശകൻ
1246612
Wednesday, December 7, 2022 10:09 PM IST
പത്തനംതിട്ട: ചിറ്റാറിലെ അള്ളുങ്കൽ ജനവാസ മേഖലയിൽ സ്ഥിരമായെത്തുന്ന കൊന്പൻ കാട്ടാന തന്നെയോ എന്ന സംശയം നാട്ടുകാർക്ക്. എല്ലാദിവസവും വൈകുന്നേരം കൃത്യമായി എത്തുകയും രാത്രി മുഴുവൻ നാട്ടിൽ കഴിയുകയും ചെയ്യുന്ന കാട്ടാന നേരം പുലർന്നശേഷം കാടുകയറും. ഈ പതിവ് തുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ഇക്കാലയളവിൽ നാട്ടുകാർക്ക് ഏക്കർകണക്കിന് പുരയിടങ്ങളിലെ കൃഷി നഷ്ടപ്പെട്ടു.
വാഴ കൃഷിയിടങ്ങളാണ് കൊമ്പന്റെ പ്രധാന ശ്രദ്ധ. ചിറ്റാർ സീതത്തോട്ടിൽ കുമരംകുന്നിലും പരിസര പ്രദേശങ്ങളിലുമാണ് കാടിറങ്ങുന്ന കൊമ്പന്റെ താവളം.
വാഴ കൃഷിയ്ക്ക്
കൂടുതൽ നാശം
രാത്രിയില്‍ ജനവാസ കേന്ദ്രത്തിലെത്തുന്ന ചുള്ളൻ കൊമ്പൻ വാഴയും കൈതച്ചക്കയും പുല്ലുമാണ് കൂടുതലും ഭക്ഷിക്കുന്നത്. ആദ്യമായാണ് ഇവിടെ ഇത്തരത്തിൽ ഒരു ആന രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് ജനവാസ മേഖലയിലെത്തുന്നത്. ചിറ്റാർ, സീതത്തോട് റോഡിന് സമീപമുള്ള റബർ തോട്ടത്തിൽ കടക്കുന്ന കാട്ടാന കുറേനേരം അവിടെ നിലയുറപ്പിക്കുമെങ്കിലും റബർ തൈകളൊന്നും നശിപ്പിച്ചിട്ടില്ല.
കണ്ടംകുളത്ത് ബാബു, പറമ്പേത്ത് ജോണി, അത്തിക്കയം സ്വദേശിയുടെ ബംഗ്ലാവിലെ കൃഷിയിടം എന്നിവിടങ്ങളിലെ വാഴകൃഷിയാണ് നിലവിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച സന്ധ്യയോടെ മത്തങ്ങാമലയിലെത്തിയ ആന രണ്ട് കിലോമീറ്ററില്‍ അധികം ഉള്ളിലേക്ക് കടന്നിരുന്നു.
ഇന്നലെ പുലര്‍ച്ചെ ചിറ്റാര്‍ - സീതത്തോട് റോഡിന് സമീപം റബര്‍ തോട്ടത്തിനുള്ളില്‍ നിലയുറപ്പിച്ച ആന രാവിലെ ഏഴേകാലോടെ വന്ന വഴിയെ തിരികെ നദി മുറിച്ചു കടന്ന് വനത്തിനുള്ളിലേക്ക് കയറുകയായിരുന്നു. യൂ ട്യൂബർമാർ അടക്കം യാത്ര കാണാൻ കാത്തുനിന്നപ്പോൾ അവരെ നിരാശപ്പെടുത്താതെ മടക്കയാത്രയിൽ പലപ്പോഴും തിരിഞ്ഞു നിന്ന് തുന്പിക്കൈ ഉയർത്തി.
വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി. രതീഷ്, ചിറ്റാർ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഷിബു കെ. നായ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നുണ്ട്. എസ്എഫ്ഒമാരായ സുധീഷ്, എസ്.ആർ. സരിത, എസ്.എസ്. സൗമ്യ എ.പി. രാമചന്ദ്രന്, ബീറ്റ് ഫോറസ്റ്റ് ജോര്‍ജ് എന്നിവർ വിവിധ സ്ഥലങ്ങളിലായി ഡ്യൂട്ടിയിലുണ്ട്.
കൊന്പന്റെ വരവ് കാത്ത് നാട്ടുകാർ,
ചുള്ളിക്കൊന്പൻ ഓമനപ്പേര്
റാന്നി വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന രാജാമ്പാറ സ്റ്റേഷന് പരിധിയിലുള്ള വനമേഖലയില്‍ നിന്നും ഇഡിസിഎല്‍ അള്ളുങ്കല്‍ ഡാമിന് താഴെയായി എല്ലാദിവസവും വൈകുന്നേരം നാലു കഴിയുന്പോഴാണ് ആന കക്കാട്ടാറ് മുറിച്ചു കടക്കുന്നത്.
മറുകരയിൽ അപ്പോഴേക്കും നിരവധിയാളുകൾ കാത്തുനിൽക്കുന്നുണ്ടാകും. അവരെയൊന്നും ഭയമില്ലാതെയാണ് ആനയുടെ വരവ്. മിന്നുന്ന കാമറ ഫ്ളാഷുകൾക്കു മുന്നിൽ അല്പമൊന്നു പതാറാറുണ്ട്. എന്നിരുന്നാലും തുന്പിക്കൈ ഉയർത്തി ആറ്റിലൂടെ മറുകര കടക്കുന്നത് ആളൊഴിഞ്ഞ ഭാഗത്തേക്കായിരിക്കും. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും നാട്ടുകാർ ഓടിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഇപ്പോൾ അതിനെ കൂസാറില്ല. രാത്രിയിൽ കൃഷിയിടങ്ങളിലേക്കു നീങ്ങും. പിന്നെ രാവിലെ മാത്രമേ മടങ്ങാറുള്ളൂ. മടക്കയാത്ര കാണാനാണ് ആളുകൾക്കും ഹരം.
പതിനഞ്ചു വയസ് തോന്നിക്കുന്ന ആനയ്ക്ക് നാട്ടുകാരിട്ട പേരാണ് ചുള്ളൻ കൊമ്പൻ. രണ്ട് ആഴ്ചയായി ദിവസവും ചുള്ളൻ കൊമ്പൻ ആറ് കടന്ന് ജനവാസമേഖലയിൽ എത്തുന്നുണ്ട്. വനത്തിനുള്ളിൽ കൂട്ടംതെറ്റിയ ഒറ്റയാനാണിതെന്ന് കരുതുന്നതായി വനപാലകർ പറഞ്ഞു.
ചുള്ളനെ കാണാൻ നിരവധിയാളുകളാണ് ദിവസവും രാവിലെ പ്രദേശത്തെത്തുന്നത്. ആരും കൊമ്പന്റെ അടുത്തേക്ക് പോകരുതെന്ന് വനംവകുപ്പ് അധികൃതരുടെ കർശന നിർദേശമുണ്ട്. കക്കാട്ടാറിൽ നീരാട്ടും നടത്തിയാണ് വനത്തിലേക്കുള്ള മടക്കയാത്ര. ആളുകളെ ആക്രമിക്കാനോ വീടുകൾ നശിപ്പിക്കാനോ ഇതേവരെ തയാറായിട്ടില്ലെന്നതാണ് ഏക ആശ്വാസം. എന്നിരുന്നാലും ആളുകൾ ഏറെ ഭീതിയിലാണ്. രാത്രിയിൽ വനപാലകർ പട്രോളിംഗ് നടത്തി ആനയെ അകറ്റാൻ ശ്രമിക്കുന്നുമുണ്ട്.