എയ്ഞ്ചൽവാലിയിൽ ഉപവാസ സമരം നടത്തും: ആന്റോ ആന്റണി എംപി
1261845
Tuesday, January 24, 2023 10:35 PM IST
കാഞ്ഞിരപ്പള്ളി: പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ പരിധിയിൽ നിന്നു പമ്പാവാലി, എയ്ഞ്ചല്‍വാലി മേഖലകളെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ നല്കിയ ശിപാര്‍ശ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് ആന്റോ ആന്റണി എംപി പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ പ്രദേശം പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ ഭാഗമല്ല. വനം റവന്യു വകുപ്പുകള്‍ സംയുക്ത സര്‍വെ നടത്തി ജനവാസ ഭൂമിയാണെന്നു തിരിച്ചറിഞ്ഞ് പട്ടയം നല്കി കരം അടച്ചുകൊണ്ടിരിക്കുന്ന ഭൂമിയാണ്. വനം ഭൂമിയാണെന്ന് എടുത്ത തീരുമാനം തെറ്റായിരുന്നു. ഏഴുപതിറ്റാണ്ടിലധികമായി ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണെന്ന യാഥാര്‍ഥ്യം മനസിലാക്കിയുള്ള തീരുമാനം എടുക്കുന്നതിന് പകരം, ഇങ്ങനെയൊരു തിരുമാനം എടുത്ത് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുക വഴി സുപ്രീം കോടതിയുടെ മുന്നിലേക്കു പ്രശ്നം വരികയാണ്.
സുപ്രീം കോടതിയില്‍ മുന്‍പ് ഈ പ്രദേശങ്ങള്‍ വനഭൂമിയാണെന്ന് കാണിച്ച് ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. വീണ്ടും എടുത്തിരിക്കുന്ന തെറ്റായ നടപടി കര്‍ഷകര്‍ക്ക് അവരുടെ ഹൃദയത്തില്‍ ഇടിത്തീ വീഴുന്ന സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. വനഭൂമിയല്ല പട്ടയഭൂമിയാണ് എന്നു പറഞ്ഞ് മുമ്പുണ്ടായ തെറ്റു തിരുത്തേണ്ടതിന് പകരം ടൈഗര്‍ റിസേര്‍വില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനമെടുത്തത് അപകടം നിറഞ്ഞ് സാഹചര്യത്തിലേക്കാണ് കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ചെയ്ത തെറ്റു തിരുത്തേണ്ടതിന് പകരം കൂടുതല്‍ സങ്കീര്‍ണമായ കാര്യങ്ങളിലേക്ക് എത്തിക്കുകയാണെന്നും ആന്റോ ആന്റണി എംപി പറഞ്ഞു.
എയ്ഞ്ചല്‍വാലിയില്‍ സമരം നടത്തിയവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും പ്രദേശത്തെ ജനങ്ങളുടെ ഭൂമിയുടെ അവകാശം പൂര്‍ണമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് 27ന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ എയ്ഞ്ചൽവാലിയിൽ ഏകദിന ഉപവാസ സമരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കര്ഷകൻ സെബാസ്റ്റ്യന്‍ കല്ലേക്കുളം ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. കെ. മുരളീധരന് എംപി, ഡീന്‍ കുര്യാക്കോസ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്റുമാരായ നാട്ടകം സുരേഷ്, സതീഷ് കൊച്ചുപറമ്പില്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ യുഡിഎഫ് നേതാക്കള്‍ എന്നിവർ പങ്കെടുക്കും.
ഡിസിസി ജനറൽ സെക്രട്ടറി പി.എ. ഷെമീർ, ബോക്ക് കോൺഗ്രസ് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ, റോയി കപ്പലുമാക്കാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.