പത്തനംതിട്ട: നീതിക്കുവേണ്ടി സമരം ചെയ്യുന്ന കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും അപമാനിക്കുകയാണെന്നു മഹിളാ കോൺഗ്രസ് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു. ബിജെപി എംപി ബ്രിജ്ഭൂഷണിന്റെ ലൈംഗിക അതിക്രമത്തിനെതിരേ മാസങ്ങളായി സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനതാരങ്ങളുടെ ശബ്ദം കേൾക്കാനോ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനോ തയാറാകാത്തത് വേദനാജനകമാണ്.
സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ സർക്കാർ സംവിധാനം ദുർവിനിയോഗം ചെയ്യുകയാണ്. വനിതാ ഗുസ്തി താരങ്ങൾ സത്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന കാരണത്താൽ കുറ്റവാളികളെപ്പോലെ കണക്കാക്കുകയാണ്. ബ്രിജ്ഭൂഷണിനെ അറസ്റ്റ്ചെയ്ത് നിയമ നടപടിക്ക് വിധേയനാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ നാളെ പത്തനംതിട്ട ഡിസിസിയിൽ ചേരുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് രജനീ പ്രദീപ്, സംസ്ഥാന ജനറൽ സെക്രട്ടറി ലാലി ജോൺ, സജിനി മോഹൻ, പ്രസീദ രഘു, ലീല രാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.