ദ്രൗപദി മുർമുവിനെ വരവേറ്റ് ശബരിമല
1602091
Thursday, October 23, 2025 3:44 AM IST
ശബരിമല: ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് ആചാരപരമായ വരവേൽപ്. ഇന്നലെ രാവിലെ പന്പയിൽ വന്ന് നദിയിലിറങ്ങി കാൽ നനച്ച രാഷ്ട്രപതി കറുത്ത വസ്ത്രങ്ങളണിഞ്ഞ് തികഞ്ഞ അയ്യപ്പഭക്തയായാണ് ശബരിമല യാത്രയ്ക്കു തയാറായത്. പന്പ ഗണിപതികോവിലിൽ പ്രാർഥിച്ചു.
പിന്നീട് ഗണപതി കോവിലിൽനിന്നു ഇരുമുടിക്കെട്ട് നിറച്ച് സന്നിധാനത്തേക്കു യാത്രയായ രാഷ്ട്രപതി അവിടെ എത്തിയപ്പോൾ ഇരുമുടിക്കെട്ട് ശിരസിൽ വഹിച്ച് പതിനെട്ടാംപടിക്കു താഴെ വണങ്ങി. നാളികേരം ഉടച്ച ശേഷം പതിനെട്ടു പടികളും കയറി. സുരക്ഷാ ഉദ്യോഗസ്ഥൻ ഇടയ്ക്കു കൈപിടിച്ചു.
കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം സമ്മാനിച്ചതോടെ അതു വണങ്ങിയശേഷം ശ്രീകോവിലിനു മുന്പിലേക്കു നീങ്ങി. അയ്യപ്പവിഗ്രഹത്തിനു മുന്പിൽ വണങ്ങി പ്രാർഥിച്ചശേഷം ഇരുമുടിക്കെട്ട് സമർപ്പിച്ചു. പിന്നീട് തന്ത്രിയും മേൽശാന്തിയും നൽകിയ പ്രസാദം സ്വീകരിച്ചു. വീണ്ടും ശ്രീകോവിലിനു മുന്പിൽ വണങ്ങിയശേഷം ഉപദേവത പ്രതിഷ്ഠകളെ വണങ്ങുന്നതിനായി നീങ്ങി. മാളികപ്പുറത്തും വാവരു നടയിലും രാഷ്ട്രപതി എത്തി.
രാഷ്ട്രപതിയുടെ സന്ദർശനം ഏറെ പുതുമകളോടെ
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം ഏറെ പുതുമകൾ നിറഞ്ഞതും ചരിത്രത്തിന്റെ ഭാഗമാകുന്നതുമാണ്. വി.വി. ഗിരിക്കുശേഷം ശബരിമല സന്ദർശിക്കുന്ന രാഷ്ട്രപതിയാണ് ദ്രൗപദി മുർമു. ഒപ്പം ശബരിമല സന്ദർശിക്കുന്ന ആദ്യ വനിതാ രാഷ്ട്രപതിയും. ശബരിമലയിലേക്ക് വാഹനത്തിൽ ദർശനത്തിനെത്തുന്ന ആദ്യ വ്യക്തിയുമായി.
1973ൽ വി.വി. ഗിരിയെ ചൂരൽ കസേരയിലിരുത്തിയാണ് സന്നിധാനത്തെത്തിച്ചത്. പന്പ - സന്നിധാനം യാത്രയിൽ വാഹനങ്ങൾ അനുവദനീയമല്ല. എന്നാൽ സുരക്ഷാ കാരണങ്ങളാൽ രാഷ്ട്രപതിയെ ഇത്തരത്തിൽ മാത്രമേ എത്തിക്കാനാകുമായിരുന്നുള്ളൂ.
മുന്പ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുന്പോൾ ശബരിമല സന്ദർശനത്തിനു താത്പര്യം അറിയിച്ചപ്പോൾ ശരംകുത്തിയിൽ ഹെലിപ്പാഡ് നിർമിച്ചെങ്കിലും സുരക്ഷാ കാരണങ്ങളാൽ ലാൻഡിംഗ് സാധ്യമല്ലെന്നായിരുന്നു റിപ്പോർട്ട്.
സന്നിധാനത്തെ എല്ലാ പ്രതിഷ്ഠകൾക്കു മുന്പിലും പ്രാർഥിച്ച് പ്രസാദവും സ്വീകരിച്ചാണ് ദ്രൗപദി മുർമു മടങ്ങിയത്. ഏറെക്കാലമായി മനസിൽ സൂക്ഷിച്ച ആഗ്രഹം സാധ്യമായതിന്റെ സന്തോഷത്തിലായിരുന്നു മലയിറക്കം. രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ്. നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരാണ് ഉണ്ടായിരുന്നത്.
സന്നിധാനത്തു വിശ്രമിച്ചില്ല
ക്ഷേത്ര ദർശനത്തിനുശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിന് സന്നിധാനത്തെ ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമം ഒരുക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പടികൾ വില്ലനായി. ഗസ്റ്റ് ഹൗസിലേക്ക് കയറാൻ പടികൾ ഉളളതിനാൽ രാഷ്ട്രപതിയുടെ താത്പര്യംകൂടി മനസിലാക്കി പമ്പയിലേക്ക് മാറ്റുകയായിരുന്നു. ഗസ്റ്റ് ഹൗസിൽ ദേവസ്വം ബോർഡ് ഭക്ഷണം അടക്കം ഒരുക്കിയിരുന്നു.
പിന്നീട് സന്നിധാനത്തുനിന്ന് പമ്പയിലെത്തി ദേവസ്വം പൊതുമരാമത്ത് ഓഫീസിലെത്തി ഭക്ഷണം കഴിച്ചു. ഒരുമണിക്കൂറോളം ഇവിടെ വിശ്രമിക്കുകയും ചെയ്തു. ഇവിടെയും നേരത്തേതന്നെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അവിടെവച്ച് മന്ത്രി വി.എൻ. വാസവനുമായി സംസാരിച്ചെങ്കിലും ശബരിമല വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി തയാറാക്കിയ നിവേദനം സ്വീകരിച്ചില്ല. കേരളത്തിൽനിന്നു മടങ്ങുന്നതിനു മുന്പ് നിവേദനം വാങ്ങാൻ സമയം അനുവദിക്കാമെന്ന് രാഷ്ട്രപതി ഉറപ്പു നൽകി.
വൻ സുരക്ഷാ സംവിധാനം
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ശബരിമലയും പരിസരങ്ങളും കാനനപാതകളും പൂർണമായി കേന്ദ്രസേനയുടെ സുരക്ഷാ വലയത്തിലായിരുന്നു. രാഷ്ട്രപതി ഹെലികോപ്ടർ ഇറങ്ങുന്നത് പത്തനംതിട്ടയിലെ പ്രമാടത്തേക്കു മാറ്റിയതോടെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലീകരിക്കേണ്ടിവന്നു.
നിലയ്ക്കലിൽ ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറച്ച് അവരെ പ്രമാടത്തേക്കു മാറ്റുകയും കൂടുതൽ സേനാംഗങ്ങളെ പന്പവരെയുള്ള പാതയിൽ ഡ്യൂട്ടിക്കിടുകയും ചെയ്തു. കേന്ദ്ര സുരക്ഷാ സേനയ്ക്കൊപ്പം സംസ്ഥാന പോലീസിന്റെ വിവിധ വിഭാഗങ്ങളും സേനാംഗങ്ങളും സുരക്ഷാ ജോലിക്കെത്തിയിരുന്നു.