ജില്ലയിൽ പാൽ ഉത്പാദനം പാതിയായി കുറഞ്ഞു
1601671
Wednesday, October 22, 2025 3:57 AM IST
ക്ഷീരമേഖലയിൽ വൻ കൊഴിഞ്ഞുപോക്ക്
പത്തനംതിട്ട: ജില്ലയിൽ പാൽ ഉത്പാദനത്തിൽ വൻകുറവ്. 50,000 - 60,000 ലിറ്റർവരെ പാൽ വരെ പ്രതിദിന ഉത്പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 36,000 ലിറ്ററായി കുറഞ്ഞു.ജില്ലയിൽ 167 ക്ഷീര സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് . ഇതിൽ സജീവമായുള്ളത് 50 ഓളം എണ്ണം മാത്രമാണ്.
പശുവളത്തലിൽ പുതുതലമുറ മുന്നോട്ടുവരുന്നില്ലെന്നു മാത്രമല്ല, അനുദിനം ഉത്പാദനച്ചെലവ് ഏറുന്നതോടെ പശു വളർത്തൽതന്നെ ബുദ്ധിമുട്ടായി മറ്റ് വരുമാന മാർഗങ്ങൾ തേടുകയാണ് കർഷകർ. ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായിരുന്നു ക്ഷീരമേഖല. നിലവിൽ കർഷകർ കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. 20,000 ഓളം ക്ഷീര കർഷകർ ജില്ലയിലുണ്ടെന്നാണ് ഇപ്പോഴത്തെ കണക്കുകൾ.
ജില്ലയില്‍ 30 ശതമാനത്തിലേറെ കര്‍ഷകര്‍ ക്ഷീരമേഖലയില്‍നിന്നു പിന്തിരിഞ്ഞതായാണ് കണക്കുകൾ. ഒന്നും രണ്ടും പശുക്കളെ വളര്‍ത്തി പാല് വില്ക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു.
പിടിച്ചു നിൽക്കാനാകില്ലെന്ന് കർഷകർ
പാലിന്റെ വില വര്‍ധനയ്ക്കുള്ള സാഹചര്യം ഇല്ലാതായതോടെ കൂടുതല്‍ പേര് ഈ മേഖലയില്‍നിന്നു പിന്തിരിയുമെന്ന ആശങ്കയുമുണ്ട്. നിലവില്‍ മില്‍മയില്‍ പാല് നല്കിയാല് 42 - 49 രൂപയാണ് കർഷകനു പരമാവധി ലഭിക്കുക.
മില്‍മ ഇതു പായ്ക്കറ്റിലാക്കി വില്‍ക്കുന്നത് ലിറ്ററിന് 56 രൂപയ്ക്കാണ്. സൊസൈറ്റികളില്‍നിന്നു വില്‍ക്കുന്നത് 60 രൂപയ്ക്കു വരെ. പൊതുവിപണയില്‍ പാല് വില 60 - 62 രൂപ വരെയാണെന്നു കര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ പോലും പാല് വില കൂട്ടിയിരുന്നു.
നല്ല ഇനം കാലികളുമില്ല
50 കിലോ വരുന്ന ഒരു ചാക്ക് കാലീത്തിറ്റയുടെ വില 1,500 രൂപ മുതല്‍ മുകളിലേക്കാണ്. പൊതുവിപണിയിൽ കാലിത്തീറ്റ വില കുതിച്ചുയരുന്ന സാഹചര്യമാണ്. മരുന്ന്, കാൽസ്യം തുടങ്ങിയ പ്രതിദിന പ്രതിരോധ ആവശ്യങ്ങൾക്കും ചെലവേറി. കാലിത്തീറ്റയ്ക്കും മരുന്നിനും അടക്കം ഓരോ മൂന്നു മാസം കൂടുമ്പോഴും വില ഉയരുന്ന സാഹചര്യമാണ്.
വരാന്‍ പോകുന്നത് വേനല്‍ക്കാലമായതിനാല്‍ തീറ്റ, വെള്ള ക്ഷാമവും തിരിച്ചടിയാകും. ഇതിനു പുറമേ നല്ല ഇനം കന്നുകാലികളെ കിട്ടാനില്ലെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.