ആർ. ദേവനാഥ് കുട്ടികളുടെ പ്രധാനമന്ത്രി, പാർവതി വിനീത് പ്രസിഡന്റ്
1601494
Tuesday, October 21, 2025 2:04 AM IST
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ 14നു പത്തനംതിട്ടയിൽ നടക്കുന്ന ശിശുദിന റാലിയിൽ ആർ. ദേവനാഥ് കുട്ടികളുടെ പ്രധാനമന്ത്രിയും പാർവതി വിനീത് പ്രസിഡന്റുമാകും. സിയാ സുമനാണ് സ്പീക്കർ.
കഴിഞ്ഞദിവസം നടന്ന ജില്ലാതല പ്രസംഗം മത്സര വിജയികളെയാണ് ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുത്തത്. ആർ. ദേവനാഥ് പഴകുളം ഗവൺമെന്റ് എൽപി സ്കൂൾ വിദ്യാർഥിയാണ്. പാർവതി വിനീത് തിരുവല്ല ഡിബിഎച്ച്എസ്എസിലും സിയാ സുമൻ പത്തനംതിട്ട മാർത്തോമ്മ എച്ച്എസ്എസിലും വിദ്യാർഥികളാണ്.
ശിശുദിനാഘോഷ സമ്മേളന വേദിയിൽ എ. ദേവാനന്ദ (തോട്ടുവ ഗവ.എൽപിഎസ്), സായ് കൃഷ്ണ (സെന്റ് പീറ്റേഴ്സ് യുപിഎസ്, കൊടുമൺ) എന്നിവർ ആശംസകൾ നേരും. അദിതി അരുൺ (പൂഴിക്കാട് ഗവൺമെന്റ് യുപിഎസ്) സ്വാഗതവും ഹൈഫ അരാഫത്ത് (മാങ്കോട് ഗവ. എച്ച്എസ്എസ്) നന്ദിയും പറയും.
നവംബർ 14ന് രാവിലെ 7.30ന് പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തിൽ നിന്നരാംഭിക്കുന്ന ശിശുദിനറാലി പത്തനംതിട്ട ടൗൺ ചുറ്റി പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനവും സമ്മാനദാനവും നടക്കും.