പത്തനംതിട്ടയ്ക്കു വേണം പുതിയ ഒരു വികസനസംസ്കാരം
1601493
Tuesday, October 21, 2025 2:04 AM IST
പത്തനംതിട്ട: സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് നിലവിൽ പത്തനംതിട്ടയുടെ വികസന മേഖലയ്ക്ക് അഭികാമ്യമായിട്ടുള്ളതെന്ന് ആന്റോ ആന്റണി എംപി.
കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ സംഘടിപ്പിച്ച മുന്നേറാം പത്തനംതിട്ടയ്ക്കൊപ്പം വികസന സംവാദം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസന സംസ്കാരം പത്തനംതിട്ടയ്ക്കു നഷ്ടമായി. പുതിയ ഒരു പദ്ധതി വന്നാൽ അതിനെ എതിർക്കുന്നവരുടെ എണ്ണമാണ് ജില്ലയിൽ കൂടുതലായുള്ളത്. അതിനൊരു മാറ്റം വരണമെന്ന് എംപി അഭിപ്രായപ്പെട്ടു.
ലോകത്തു തന്നെ ഏറ്റവും കൂടുതൽ അടച്ചിട്ട വീടുകളുള്ള ജില്ല പത്തനംതിട്ടയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സമീപകാലത്തു റിപ്പോർട്ട് ചെയ്തത്. പണ്ടു മുതൽക്കേ ഇതര രാഷ്ട്രങ്ങളിലേക്ക് കുടിയേറുന്ന സംസ്കാരം പത്തനംതിട്ടയ്ക്കുണ്ടെങ്കിലും അവരൊക്കെ തിരിച്ചുവരുമായിരുന്നു. ഇന്നിപ്പോൾ ഇവിടേക്ക് മടങ്ങാൻ പോലും താത്പര്യമില്ലാതെയാണ് യുവജനത നാടു വിടുന്നത്.
രാഷ്ട്രീയ അതിപ്രസരമാണ് നമ്മുടെ പിന്നാക്കാവസ്ഥയ്ക്ക് ഒരു കാരണമെന്ന് എംപി പറഞ്ഞു. തൊട്ടടുത്ത തമിഴ്നാട് വികസന കാര്യത്തിൽ ഏറെ മുന്നിട്ടുനിൽക്കുന്നു. സാമ്പത്തിക മുന്നേറ്റം അവർ ഉണ്ടാക്കി. അവിടെ രാഷ്ട്രീയ പോരാട്ടം ഉണ്ടായാലും വികസനകാര്യത്തിൽ വിട്ടുവീഴ്ച ഇല്ല. ഇന്ത്യയിലെ പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാർ മലയാളികൾ ആയിട്ടും വേണ്ടത്ര നേട്ടം നമുക്ക് ഉണ്ടായിട്ടില്ല.
എരുമേലിയിൽ വിമാനത്താവളത്തെ ആദ്യം സ്വാഗതം ചെയ്തയാളാണ് താൻ. വിമാനത്താവളം, റെയിൽവേ, ദേശീയപാത, ഗ്രീൻഫീൽഡ് ഹൈവേ ഇതെല്ലം ജില്ലയിൽ സാധ്യമായെങ്കിലേ വികസനം സാധ്യമാകൂ. അങ്കമാലി - ശബരിപാതയ്ക്ക് വർഷങ്ങളായി കാത്തിരിക്കുകയാണ്. പാത എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം വരെ ദീർഘിപ്പിച്ചാൽ കേരളത്തിന്റെ മൂന്നാം പാതയായി ഇതു മാറും.
റബർ വില തകർച്ച നമ്മുടെ കാർഷികമേഖലയുടെ നടുവൊടിച്ചു. റബർ ബോർഡിന്റെ അധികാരം എടുത്തുകളഞ്ഞതോടെ തകർച്ച പൂർണമായി. സർക്കാർ ഭൂമി ഏറ്റെടുത്താലെ പല വികസനങ്ങളും നടപ്പാക്കാൻ കഴിയൂ. ആറന്മുള ക്ഷേത്രത്തിലെ പ്രാധാന്യം മനസിലാക്കി അവിടെയും വികസനം ഉണ്ടാകണം. ആറൻമുളയിൽ കെഎസ് ആർടിസി ഓപ്പറേറ്റീവ് സെന്റർ അത്യാവശ്യമാണ്. ശബരിമല ദേശീയ തീർഥാടന കേന്ദ്രമായി മാറണം. അവിടെയെത്തുന്ന തീർഥാടകർ ജില്ലയുടെ മറ്റു സ്ഥലങ്ങൾ കൂടി സന്ദർശിക്കുന്നതരത്തലേക്ക് ക്രമീകരണമുണ്ടാകണമെന്നും എംപി അഭിപ്രായപ്പെട്ടു.
റബറധിഷ്ഠിത വ്യവസായങ്ങൾ ഉണ്ടാകണം: ചിറ്റയം
റബർ അധിഷ്ഠിത വ്യവസായങ്ങൾ പത്തനംതിട്ട ജില്ലയിലുണ്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കാർഷികമേഖലയുടെ അഭിവൃദ്ധി ജില്ലയിൽ കുറഞ്ഞു. നിലവിലെ ഭൂമി സംരക്ഷിക്കാൻ കഴിയണം. ടൂറിസത്തിന് അനുയോജ്യമായ നിരവധി ഘടകങ്ങൾ ജില്ലയിലുണ്ട്. പിൽഗ്രിം ടൂറിസത്തിനും ഏറെ സാധ്യതയുണ്ട്. റോഡ്, റെയിൽവേ കണക്ടിവിറ്റി പ്രധാന ഘടകമാണ്. ഇതിന് ജനങ്ങളുടെ സഹകരണവും ആവശ്യമാണ്.
ശബരിമല വികസനത്തിന് വനംവകുപ്പ് സ്ഥലംവിട്ടുകിട്ടണം. തിരുപ്പതി മോഡൽ വികസനം നടപ്പാകണം. കേന്ദ്ര വനം വകുപ്പ് ഇതിന് സഹായിക്കണം. ടൂറിസം കേന്ദ്രങ്ങൾ ടൂറിസം ഹബ്ബാക്കാൻ പദ്ധതി രൂപപ്പെടണം. സർക്കാരിന് സാമ്പത്തിക പരിമിതികളുണ്ട് .
പത്തനംതിട്ട ടൗൺ രാത്രി ആയാൽ വിജനമാകും. ടൗൺ സ്ക്വയർ കേന്ദ്രീകരിച്ച് സാംസ്കാരിക ഇടമാക്കി മാറ്റിയാൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകും. ജില്ലയിലെ മറ്റു കേന്ദ്രങ്ങളും സാംസ്കാരിക സമുച്ചയങ്ങൾ ഉണ്ടാകണം. ഒരു ആർട്ട് ഗാലറിയും നിർമിക്കണമെന്ന് അദ്ദേഹം പറഞ്ഞു .
വികസന ഫോറം ഉണ്ടാകണം: സക്കീർ ഹുസൈൻ
ജില്ലയിലെ എല്ലാ ജനപ്രതിനിധികളും ചേർന്ന് എംപിയുടെ നേത്യത്വത്തിൽ ഒരു ഫോറം രൂപീകരിക്കണമെന്ന് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ. എംഎൽഎമാർ, നഗരസഭ അധ്യക്ഷർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ഇതിൽ ഉൾപ്പെടണം. ഓരോ പ്രദേശത്തിന്റെയും വികസന രേഖ തയാറാക്കുകയും ആവശ്യമായ പദ്ധതികൾക്ക് രൂപം നൽകുകയം വേണം. നഗരസഭ പരിധിയിലാണെങ്കിലും പല റോഡുകളുടെയും ഉടമസ്ഥാവകാശം മറ്റു പല ഏജൻസികൾക്കാണ്. ഇവയൊക്കെ നന്നാക്കണമെന്നു പോലും ആവശ്യപ്പെടാനാകാത്ത സ്ഥിതിയുണ്ടെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു.
ഡോ. സജി ചാക്കോ (ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്)
ലോകത്ത് വ്യത്യസ്തമായ ഭക്ഷ്യ വിഭവങ്ങൾ ലഭിക്കുന്ന സ്ഥലമാണ് പത്തനംതിട്ട. നിരവധി ആളുകൾ വ്യത്യസ്ത കൃഷികൾ ചെയ്യുന്നുണ്ട്. അടഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസ്റ്റുകൾക്ക് വേണ്ടി പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകണം. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും കഴിയണം.
നഗരസഭ മുൻ ചെയർമാൻമാരായ എ. സരേഷ് കുമാർ, പി. മോഹൻരാജ്, രജനി പ്രദീപ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ഓമല്ലൂർ ശങ്കരൻ, കെ.കെ. റോയ്സൺ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് സജി അലക്സ്, ഡിടിപിസി മുൻ സെക്രട്ടറി വർഗീസ് പുന്നൻ, ജെറി മാത്യു സാം, ജോർജ് വർഗീസ്, മാത്തൂർ സുരേഷ്, അജയകുമാർ വല്ല്യുഴത്തിൽ, ഡോ. എം. എസ്. സുനിൽ, പി. കെ. ജേക്കബ്, വ്യാപാരി വ്യവസായി സംഘടനാ നേതാക്കളായ പ്രസാദ് ജോൺ മാന്പ്ര, ടി.ടി. അഹമ്മദ്, അഷ്റഫ് അലങ്കാർ, തിരുവല്ല നഗരസഭ കൗൺസിലർ ഡോ. റെജിനോൾഡ് വർഗീസ്, എസ്. വി. പ്രസന്നകുമാർ, രഘുനാഥൻ ഉണ്ണിത്താൻ, ജി. രാജേഷ് കുമാർ, സാം ചെമ്പകത്തിൽ ,സലിം പി ചാക്കോ, ബി. ഹരിദാസ്, ഉഷാകുമാരി മാടമൺ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ വർഗീസ് സി. തോമസ് മോഡറേറ്ററായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ സ്വാഗതവും സെക്രട്ടറി ജി. വിശാഖൻ നന്ദിയും പറഞ്ഞു.
നഷ്ടപ്പെട്ട വിമാനത്താവളം പദ്ധതി തിരികെ ലഭിക്കുമോ: സമരം ചെയ്തവരും ചോദിച്ചുതുടങ്ങി
പത്തനംതിട്ട ജില്ലയുടെ വികസന സംസ്കാരം തന്നെ മാറ്റിമറിക്കാമായിരുന്ന ആറന്മുള വിമാനത്താവളം പദ്ധതിക്കെതിരേ സമരം ചെയ്തവർ ഇന്നിപ്പോൾ നാടിനുണ്ടായ നഷ്ടമോർത്ത് വിലപിക്കുന്നുണ്ടെന്ന് ആന്റോ ആന്റണി എംപി. പദ്ധതി തിരികെ കൊണ്ടുവരാനാകുമോയെന്ന് ചോദിക്കുന്നവരുമുണ്ട്.
ആറന്മുള വിമാനത്താവളം എന്ന പേരുതന്നെ പറയാൻ പേടിയാണെന്ന് മുൻ എംഎൽഎ കെ. ശിവദാസൻ നായർ. പദ്ധതി വരുന്നുവെന്ന പേരിൽ എന്തെല്ലാം കോപ്രായങ്ങളാണ് ഈ നാട്ടിലുണ്ടായത്. മാധ്യമങ്ങളും അതിനു കുടപിടിച്ചു.
ആറന്മുള വിമാനത്താവളം പദ്ധതിയെ താൻ ഒരിക്കലും എതിർത്തിട്ടില്ലെന്ന് മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.സി. രാജഗോപാൽ പറഞ്ഞു. പദ്ധതിക്കുള്ള ആദ്യ അനുമതി നേടിയെടുത്തത് താൻ എംഎൽഎ ആയിരിക്കുന്പോഴാണ്.
പദ്ധതിക്ക് ജനവികാരം എതിരാണെന്നു പറഞ്ഞാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനെ പിന്നീട് ഇതിന് എതിരാക്കിയതെന്ന് കെസിആർ ചൂണ്ടിക്കാട്ടി.
ആറന്മുള വിമാനത്താവളം നഷ്ടപ്പെടുത്തിയതിനെ ഓർത്തു സമരരംഗത്തുണ്ടായിരുന്നവർ വിലപിക്കുന്ന കാലം എത്തിപ്പോയെന്ന അഭിപ്രായം കേരള കോൺഗ്രസ് എം സജി അലക്സും അഭിപ്രായപ്പെട്ടു.
വികസനപദ്ധതികളെ കണ്ണടച്ച് എതിർക്കുകയെന്ന സമീപനം മാറണം: ശിവദാസൻ നായർ
വികസന പദ്ധതികളെ അതിന്റെ പോസിറ്റീവ് തലത്തിൽ കാണാതെ കണ്ണടച്ച് എതിർക്കുന്ന സമീപനത്തിൽ മാറ്റമുണ്ടാകണമെന്ന് മുൻ എംഎൽഎ കെ. ശിവദാസൻ നായർ. മാധ്യമങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത കാട്ടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തീർഥാടകർ പന്പ വരെയും ട്രെയിനിൽ വരുന്നതിനോടു യോജിപ്പില്ല. ശബരിമലയ്ക്കു പോകുന്നവർ ചെങ്ങന്നൂരിൽ ട്രെയിൻ ഇറങ്ങി പന്തളം, ആറന്മുള ക്ഷേത്രം വഴി പമ്പയിൽ എത്തുന്നതിനോടാണ് യോജിപ്പ് .
നമ്മുടെ നദികൾ മുഴുവൻ മാലിന്യ വാഹിനികളായി മാറിയിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു ആശങ്കയും നമുക്ക് ഇല്ലാത്തതിൽ വിഷമമുണ്ട്. നദികൾ വൃത്തി ഉള്ളതായി മാറ്റാൻ കഴിയണം. മലകൾ മുഴുവൻ ഇടിച്ചു നിരപ്പാക്കുകയാണ്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനു യോജിച്ച നിലപാടുണ്ടാകണമെന്നും ശിവദാസൻ നായർ പറഞ്ഞു.
ഐടി മേഖലയുടെ സാധ്യത ഉപയോഗപ്പെടുത്തണം: കെ.സി. രാജഗോപാൽ
വികസന പദ്ധതികൾ ആ നാടിന്റെ സർവോന്മുഖമായ വളർച്ചയ്ക്കാണ് അടിസ്ഥാനമിടുന്നതെന്ന് മുൻ എംഎൽഎ കെ.സി. രാജഗോപാൽ. ആറന്മുള വിമാനത്താവളത്തിനു ശ്രമിക്കുന്പോൾ ഐടി മേഖലയുടേതടക്കം വികസനം ലക്ഷ്യമിട്ടിരുന്നു.
ജില്ലയ്ക്കാകമാനം പ്രയോജനപ്പെടുന്ന തരത്തിലേക്ക് തീർഥാടനങ്ങളും മാറണം. പന്പയിൽ ട്രെയിനിൽ കൊണ്ടുപോയി ശബരിമല തീർഥാടകരെ ഇറക്കിയതു കൊണ്ട് നാടിന് അവരുടെ പ്രയോജനം ലഭിക്കില്ലെന്ന് രാജഗോപാലും അഭിപ്രായപ്പെട്ടു.