ഓമല്ലൂരിൽ കർഷകരെ മറന്നുള്ള പോരാട്ടമില്ല
1601498
Tuesday, October 21, 2025 2:04 AM IST
പത്തനംതിട്ട: വയൽ വാണിഭത്തിന്റെ നാടാണ് ഓമല്ലൂർ. കാർഷിക സംസ്കൃതിയുടെ സ്മരണകളുയരുന്ന നാട്ടിൽ വികസന മേഖലയിലും അതിൽ ഊന്നിയ സംസ്കാരം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണേറെയും. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട നഗരവുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് ഓമല്ലൂർ.
പത്തനംതിട്ടയ്ക്കായി വരുന്ന പല പദ്ധതികളുടെയും പ്രയോജനം ഓമല്ലൂരിനു കൂടി അവകാശപ്പെടേണ്ടതാണ്. നിർദിഷ്ട 183 എ ദേശീയ പാതയടക്കം ഓമല്ലൂരിന്റെ വികസന സാധ്യതകൾ വർധിപ്പിക്കുന്നു.
ഓമല്ലൂർ ടൗൺ വികസനം അടക്കമുള്ള പദ്ധതികൾ ഇതിന്റെ ഭാഗമാകേണ്ടതുണ്ട്. തീർഥാടന കേന്ദ്രമായ മഞ്ഞനിക്കരയും ഓമല്ലൂർ ക്ഷേത്രവുമൊക്കെ ഈ നാടിന്റെ ഭാഗമാകുന്പോൾ അടിസ്ഥാന സൗകര്യ വികസനരംഗത്താണ് കുതിച്ചു ചാട്ടം വേണ്ടത്.
നേട്ടങ്ങൾ

•ശബരിമല തീർഥാടനകാലത്ത് സർക്കാർ ഗ്രാന്റ് ഓമല്ലൂർ പഞ്ചായത്തിനു കൂടി ലഭ്യമാക്കി.
•വയൽവാണിഭം ജനകീയവത്കരിച്ചു. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ഓമല്ലൂരിനു സംഭാവന നൽകാമെന്ന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
•രണ്ടു പതിറ്റാണ്ടായി തരിശുകിടന്നതുൾപ്പെടെ പഞ്ചായത്ത് പരിധിയിലെ 90 ശതമാനം പാടശേഖരങ്ങളും കൃഷിയോഗ്യമാക്കി. നെല്ല് ഉത്പാദനം വർധിപ്പിച്ചു. കരിന്പ് കൃഷിയും പുനരുജ്ജീവിപ്പിച്ചു. വാഴമുട്ടം ശർക്കരയ്ക്ക് വിപണിയിൽ സ്വീകാര്യത ലഭിച്ചു.
•പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പുതിയ റോഡുകൾക്കും അറ്റകുറ്റപ്പണികൾക്കുമായി എട്ടുകോടിയിൽപരം രൂപ ചെലവഴിച്ചു. സ്കൂളുകൾ, അങ്കണവാടി, ആശുപത്രി കെട്ടിടങ്ങൾ തുടങ്ങിയവയ്ക്ക് രണ്ടു കോടിയിൽപരം രൂപയും ചെലവഴിച്ചു.
•എല്ലാ വാർഡുകളിലും തെരുവുവിളക്കുകൾ. കുടിവെള്ള വിതരണ പദ്ധതികൾ കാര്യക്ഷമമാക്കി.
•വെയ്റ്റിംഗ് ഷെഡ്, എഇ ഓഫീസ്, വിഇ ഓഫീസ് എന്നിവ നവീകരിച്ചു. ഫ്രണ്ട് ഓഫീസ് പണികളിൽ 90 ശതമാനവും പൂർത്തീകരിച്ചു.
•ഓമല്ലൂരിൽ ആധുനിക രീതിയിൽ വോളിബോൾ കോർട്ട്. എംപി ഫണ്ടിൽ നിന്ന് 20 ലക്ഷം വിനിയോഗിച്ചു.
•എല്ലാ വാർഡുകളിലും മിനി എംസിഎഫുകൾ സ്ഥാപിച്ചു. തുന്പൂർ മോഡൽ മാലിന്യ സംസ്കരണം, പൂന്തോട്ടം നിർമാണം തുടങ്ങിയവയിലൂടെ ശുചിത്വ പദ്ധതികൾ നടപ്പാക്കി.
•ലൈഫ് പദ്ധതിയിൽ 134 വീടുകൾ നിർമിച്ചു. അഞ്ചു കോടി രൂപ പദ്ധതിയിൽ ചെലവഴിച്ചു.
• കോഴിമുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത. 3000 കുടുംബങ്ങൾക്ക് പത്തു കോഴി വീതം നൽകി.
•സിഡിഎസിനെ ജില്ലയിലെ മാതൃകാ യൂണിറ്റാക്കി. എട്ടു കോടിയോളം രൂപ ബാങ്ക് ലിങ്കേജ് വായ്പ നൽകുന്നതിനും 3.35 കോടി രൂപ ബൾക്ക് വായ്പയായി നൽകുന്നതിനുമായി.
•ഓമല്ലൂർ മാർക്കറ്റിൽ അഗ്രി വെജിറ്റബിൾ കിയോസ്ക് സ്ഥാപിച്ചു.
•ആരോഗ്യമേഖലയിലെ പ്രവർത്തനത്തിന് പഞ്ചായത്തിന് ആർദ്ര പുരസ്കാരം. തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മഹാത്മാ പുരസ്കാരവും ലഭിച്ചു.
കോട്ടങ്ങൾ

• തനതു പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുക മാത്രമാണ് ചെയ്തത്. ഇതാകട്ടെ ഉദ്യോഗസ്ഥ മികവിലാണ് പൂർത്തീകരിച്ചത്.
• പുതിയ പദ്ധതികൾ സ്വന്തം നിലയിൽ ഏറ്റെടുക്കുന്നതിന് അനുകൂലമായ സാധ്യതകളുണ്ടായിരുന്നെങ്കിലും പ്രയോജനപ്പെടുത്തിയില്ല.
• ഗ്രാമപഞ്ചായത്തിനു പുതിയ ഓഫീസ് കെട്ടിടം വേണമെന്നാവശ്യം അംഗീകരിച്ചില്ല. കിഫ്ബി, നബാർഡ് പദ്ധതികളിൽ നിന്നും സാധ്യതകളുണ്ടായിട്ടും ഓഫീസ് കെട്ടിട നിർമാണത്തിനു ശ്രമമുണ്ടായില്ല.
•പഞ്ചായത്ത് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടിട്ടില്ല. ഓടകൾ അടഞ്ഞതും റോഡുകളിലെ വെള്ളക്കെട്ടും മാലിന്യങ്ങളും നാടിനു ശാപമാണ്.
•കാർഷിക ഗ്രാമമായ ഓമല്ലൂരിൽ സ്ഥിരമായ കാർഷിക വിപണി വേണമെന്നാവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇക്കാര്യം കർഷക സമിതി മുന്നോട്ടു വച്ചതാണെങ്കിലും ഭരണസമിതി താത്പര്യം കാട്ടിയില്ല. കർഷകർക്കു വേണ്ട പിന്തുണ ഭരണസമിതി നൽകിയിട്ടില്ല. തരിശുപാടത്ത് കൃഷി ചെയ്തവർ പിന്നീട് ഇത് ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി.
•കാട്ടുപന്നി ശല്യം അതിരൂക്ഷമായിട്ടും നടപടികളുണ്ടായില്ല. ഷൂട്ടർമാരെ നിയോഗിച്ച് പന്നികളെ അമർച്ച ചെയ്യാനാകുമായിരുന്നു. ഇതിനാവശ്യമായ നടപടി ഉണ്ടായില്ല. കിഴങ്ങുവർഗ കൃഷിയിൽ മുന്നിട്ടു നിന്ന ഗ്രാമത്തിൽ ഇന്നിപ്പോൾ കൃഷിയിടങ്ങൾ തരിശിടേണ്ട സാഹചര്യമാണ്.
•പ്രകൃതി രമണീയമായ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും ടൂറിസം പദ്ധതിക്കു സാധ്യതകളേറെയാണ്. കുറിഞ്ചാൽ പുഞ്ചയിലേതടക്കമുള്ള പദ്ധതികൾ വെളിച്ചം കണ്ടില്ല. പ്രോജക്ടുകൾ തയാറാക്കി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമമുണ്ടാകുന്നില്ല.
ഒറ്റനോട്ടത്തിൽ
ഒരിടവേളയ്ക്കുശേഷം യുഡിഎഫ് ഭരണത്തിലായിരുന്നു ഓമല്ലൂർ ഗ്രാമപഞ്ചായത്ത്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ അഞ്ചു വർഷവും ഡിസിസി ജനറൽ സെക്രട്ടറി ജോൺസൺ വിളവിനാൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തു തുടർന്നു. തനതായ വീക്ഷണത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്താണ് ഭരണസമിതി മുന്നോട്ടു പോയതെന്ന് ജോൺസൺ പറയുന്നു. ഇതിൽ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യം നൽകിയത്.
എന്നാൽ പഞ്ചായത്തിന്റെ സാധ്യതകളെ അട്ടിമറിച്ചുള്ള ഭരണമാണ് യുഡിഎഫിന്റേതെന്നാണ് എൽഡിഎഫ് ആരോപണം. കാർഷിക രംഗത്ത് ഉത്പാദന വർധന അവകാശപ്പെടുന്പോഴും ഉത്പന്നങ്ങൾ വിറ്റഴിക്കാനോ സംസ്കരിക്കാനോ പദ്ധതികളുണ്ടായില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കക്ഷിനില:
ആകെ സീറ്റുകൾ - 14, യുഡിഎഫ് - 7, എൽഡിഎഫ് - 5,
ബിജെപി - 2.