അമൃത് 2.ഒ കുടിവെള്ള പദ്ധതി: നാലാംഘട്ടത്തിനു കരാറായി
1601214
Monday, October 20, 2025 3:50 AM IST
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയായ അമൃത് 2.ഒയുടെ നാലാം ഘട്ടമായ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കു കരാറായി. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണ് അമൃത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നഗരസഭ ഫണ്ട് കൂടി വിനിയോഗിച്ചാണ് നടപ്പാക്കുന്നത്. നഗരത്തിലെ പരുവപ്ലാക്കല്‍, പൂവമ്പാറ, വഞ്ചികപൊയ്ക എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലസംഭരണികള്‍ നിര്‍മിച്ചു ബൂസ്റ്റര്‍ സംവിധാനം ഒരുക്കുന്ന 8.70 കോടി രൂപയുടെ ടെന്‍ഡറിന് കഴിഞ്ഞ 15ന് ജലഅഥോറിറ്റി സതേണ്‍ മേഖല ചീഫ് എന്‍ജിനിയര്‍ അംഗീകാരം നല്കി.
ആദ്യ രണ്ടുഘട്ടങ്ങളിലായി ഇന്‍ ടേക്ക് കിണറിന്റെ നവീകരണവും കളക്ഷന്‍ ചേമ്പര്‍ നിര്‍മാണവും പൂര്‍ത്തിയായി. 3.5 കോടി രൂപ വിനിയോഗിച്ച് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന ജോലിയും പൂര്‍ത്തിയായി.
ജില്ലാ ആസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ കുടിവെള്ള പദ്ധതി
പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചു വിതരണം ചെയ്യാന്‍ കഴിയുന്ന പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
അമൃത് പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരമാകും. സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കരാര്‍ എടുത്ത സ്ഥാപനവുമായി ചര്‍ച്ച നടത്തിയതായും നിര്‍മാണോദ്ഘാടനം 27ന് നടത്തുമെന്നും നഗരസഭാ ചെയര്മാന് ടി.സക്കീര്‍ ഹുസൈന് പറഞ്ഞു.
പ്രധാന ജലസ്രോതസായ അച്ചന്‍കോവിലാറ്റില്‍ ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ള ജലദൗര്ലഭ്യംകൂടി കണക്കിലെടുത്ത് മണിയാര്‍ ഡാമില്‍നിന്നു വെള്ളം എത്തിക്കാനുള്ള പദ്ധതിയും നഗരസഭ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നു ചെയര്മാന് പറഞ്ഞു.