മെഡിക്കൽ കോളജിന്റെ സ്വന്തം പഞ്ചായത്ത്
1601204
Monday, October 20, 2025 3:37 AM IST
അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
കോന്നി, അച്ചന്‍കോവില്‍ വനമേഖലകള്‍ അതിര്‍ത്തി പങ്കിടുന്ന പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്താണ് അരുവാപ്പുലം. വനവും അതിനുള്ളിലെ ജനവാസ മേഖലയുമെല്ലാം പഞ്ചായത്തിന്റെ ഭാഗം. വനവും വന്യമൃങ്ങളും ആദിവാസി ജനസമൂഹവുമെല്ലാം ചേരുന്ന പഞ്ചായത്തിന്റെ വികസന സാധ്യതകള്‍ ഏറെ. പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അരുവാപ്പുലം പഞ്ചായത്തിലാണ്. റോഡുകളുടെ വികസനവും തുടങ്ങിയിട്ടുണ്ട്.
നാലു ബാച്ചുകളിലായി നിലവില്‍ എംബിബിഎസ് വിദ്യാർഥികളുണ്ട്. മെഡിക്കല്‍ കോളജ് അനുബന്ധമായ വികസനം പുരോഗമിക്കുമ്പോഴും വന്യമൃഗശല്യം മൂലം വീടൊഴിയാന്‍ താത്പര്യം കാട്ടുന്ന ആളുകളുള്ള പ്രദേശംകൂടിയാണ്.
ഒറ്റനോട്ടത്തില്‍
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തുതന്നെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റ് ചുമതലയേറ്റത് അരുവാപ്പുലത്താണ്. സിപിഎമ്മിലെ യുവനേതാവ് രേഷ്മ മറിയം റോയ് ഭരണരംഗത്തു പുതുമുഖമായിരുന്നെങ്കിലും പുതിയ ആശയങ്ങള്‍ നല്കി പഞ്ചായത്തിനെ ഏറെ മുന്നിലെത്തിച്ചതായി എല്‍ഡിഎഫ് അവകാശപ്പെടുന്നു.
സ്വരാജ് ട്രോഫി അടക്കം നേടി. ഇടയ്ക്കു പ്രസിഡന്റ് അവധിയില്‍ പോയപ്പോള്‍ വൈസ് പ്രസിഡന്റിനു ചുമതല നല്കിയതൊഴിച്ചാല് ഭരണനേതൃത്വത്തില്‍ അഞ്ചു വര്‍ഷവും മാറ്റമുണ്ടായില്ല.
സര്‍ക്കാര്‍ പദ്ധതികള്‍ ഉണ്ടായിട്ടും അവയുടെ പ്രയോജനം ഗ്രാമപഞ്ചായത്തിനുണ്ടായിട്ടില്ലെന്നാണ് പ്രതിപക്ഷ ആരോപണം. വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടതായും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
കക്ഷിനില:
ആകെ സീറ്റ് - 15. എല്‍ഡിഎഫ് - 9, യുഡിഎഫ്- 5, സ്വതന്ത്രന് -1.
നേട്ടങ്ങൾ
ഉന്നത നിലവാരത്തിലുള്ള ടര്‍ഫ് കോര്‍ട്ട്.
നിത്യ ചൈതന്യയതിക്കു സ്മാരകം പണിയാൻ ഒരേക്കർ വാങ്ങാൻ തീരുമാനം.
അരുവാപ്പുലം - ഐരവണ്‍ പാലം നിര്‍മാണം തുടങ്ങി.
കേരളത്തിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവന്.
കര്‍ഷക കഫെ, വിപണന ഔട്ട്ലെറ്റ് എന്നിവ യഥാര്‍ഥ്യമായി.
സ്വന്തം ബ്രാന്‍ഡില്‍ തനതായ ഭക്ഷ്യ ഉത്പന്നങ്ങള്‍. തരിശ് പാടങ്ങളിൽ നെൽകൃഷി. മായമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾക്കായി തുടങ്ങിയ അരുവാപ്പുലം ചില്ലീസും വിജയം.
വന്യമൃഗ ശല്യം ചെറുക്കാൻ സംരക്ഷണവേലി. കാട്ടുപന്നികളെ ഉന്മൂലനം ചെയ്തുവരുന്നു.
കുട്ടികളിലെ സംസാര വൈകല്യം പരിഹരിക്കാൻ ബി ദ സൗണ്ട് സ്പീച്ച് തെറാപ്പി.
ഭിന്നശേഷിക്കാർക്കു സ്കോളര്‍ഷിപ്, ഇലക്ട്രോണിക് വീല്‍ചെയര്‍.
വിഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും ഉള്‍പ്പെടുത്തി ഉല്ലാസയാത്ര.
വനിതാ ജിംനേഷ്യം, സ്ത്രീകൾക്കു കരാട്ടെ പരിശീലനം.
ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് ന്യൂട്രി ട്രൈബ് പോഷകാഹാര പദ്ധതി.
വയോജന ക്ലബുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിനോദയാത്രകള്‍.
ജില്ലയിലെ ആദ്യത്തെ ചൈല്‍ഡ് റിസോഴ്സ് സെന്റര്‍. ബാലസൗഹൃദ ഗ്രാമപഞ്ചായത്ത് എന്നതു ലക്ഷ്യം
ഏഴ് കുടിവെള്ള പദ്ധതികള്‍ 3.41 കോടി ചെലവഴിച്ചു പൂര്‍ത്തിയാകുന്നു.
വിഷന്‍ 2030 എന്ന പേരില്‍ കുട്ടികള്‍ക്കു സൗജന്യ ഫുട്ബോള്‍ പരിശീലനം.
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി പുരസ്കാരവും 40 ലക്ഷം രൂപ പ്രൈസ് മണിയും തുടര്‍ച്ചയായി രണ്ടു തവണ. മികച്ച ജാഗ്രതാ സമിതിക്കുള്ള പുരസ്കാരം, മാലിന്യനിര്‍മാര്‍ജനത്തിലെ മികച്ച മാതൃകകള്‍ക്ക് നാല് അവാര്‍ഡുകള്‍.
മികച്ച സ്ത്രീ സൗഹൃദ പ്രവര്‍ത്തന അംഗീകാരമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു ഡല്‍ഹിയില്‍ നടന്ന ദേശീയ വനിതാ ദിനത്തില്‍ പങ്കെടുക്കാനായി.
കോട്ടങ്ങൾ
അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നാക്കാവസ്ഥ. കൊക്കാത്തോട് മേഖലയില്‍ കുടിവെള്ള പദ്ധതികള്‍ തുടങ്ങിയിട്ടില്ല. പല പദ്ധതികളിലും ജലവിതരണം കാര്യക്ഷമല്ല.
പദ്ധതികള്‍ പലതും കടലാസിൽ, പാതിവഴിയില്‍ പലതും ഉപേക്ഷിച്ചു
പട്ടികജാതി ഉന്നതികളുടെ ക്ഷേമത്തിന് ഒന്നും ചെയ്തില്ല.
പൊതുശ്മശാനത്തിന്റെ നിര്‍മാണം എങ്ങുമെത്തിയില്ല
ലക്ഷംവീട് കോളനികളുടെ നവീകരണം നടന്നില്ല.
ആദിവാസി ഉന്നതികളുടെ നവീകരണം ഏറ്റെടുത്തില്ല.
സാധാരണക്കാരുടെ ആശ്രയമായിരുന്ന ജനകീയ ഹോട്ടല്‍ തുടരാനായില്ല.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ അവസരങ്ങളില്ല.
സ്വന്തം ബ്രാന്‍ഡില്‍ തുടങ്ങിയ അരുവാപ്പുലം റൈസ്, അരുവാപ്പുലം ചില്ലീസ്, ബന്ദിപ്പൂ കൃഷി പദ്ധതികള്‍ ഒരു വര്‍ഷം കൊണ്ട് അവസാനിപ്പിച്ചു.
കാട്ടുമൃഗങ്ങളുടെ ശല്യം നേരിടാനുള്ള പദ്ധതിയില്ല.
അരുവാപ്പുലം കേന്ദ്രമാക്കി കര്‍ഷക വിപണി നടപ്പാക്കിയില്ല.
വസ്തുവും കെട്ടിടവും ഇല്ലാതെ പല അങ്കണവാടികളും. ബഡ്സ് സ്കൂള്‍ തീരുമാനവും നടപ്പായില്ല.
പുരസ്കാരങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ പല പ്രവര്‍ത്തനങ്ങളും പഞ്ചായത്തിനു സാമ്പത്തിക ബാധ്യത.
സ്പീച്ച് തെറാപ്പി, കായിക പരിശീലനം, യോഗ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളും പാതിവഴിയില്‍ നിലച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമായെങ്കിലും ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകള്‍ പല രംഗത്തുമുണ്ടായില്ല.