മൈലപ്രയിൽ പോരിന് മികച്ച മൈലേജ്
1601663
Wednesday, October 22, 2025 3:40 AM IST
മൈലപ്ര ഗ്രാമപഞ്ചായത്ത്
മൈലപ്ര: പത്തനംതിട്ട നഗരവുമായി അതിർത്തി പങ്കിടുന്ന ഗ്രാമപഞ്ചായത്ത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയോരത്താണ് ആസ്ഥാനം.
ശബരിമലയിലേക്കുള്ള പ്രധാന പാതയും ഇതാണ്. അതിനാൽ തിരക്കേറിയ പാതകൾ. മലയോരവും ഗ്രാമീണതയും കൂടിക്കലർന്നതാണ് മൈലപ്ര.
വിസ്തൃതിയിൽ പത്തനംതിട്ടയിലെ ചെറിയ ഗ്രാമപഞ്ചായത്തുകളിലൊന്ന്. കുടിവെള്ളവും യാത്രാപ്രശ്നവും പ്രധാന വിഷയം. അടിസ്ഥാന സൗകര്യ വികസനത്തിൽ ഇനിയുമേറെ മുന്നോട്ടു പോകണം.
ഒറ്റനോട്ടത്തിൽ
യുഡിഎഫിനു മേൽക്കൈയുണ്ടായിരുന്ന ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി. ചരിത്രത്തിൽ ആദ്യമായി സ്വതന്ത്രരുടെകൂടി പിന്തുണയോടെ എൽഡിഎഫ് അഞ്ചു വർഷവും ഭരിച്ചു.
സിപിഎമ്മിലെ ചന്ദ്രിക സുനിൽ ആദ്യ ടേമിൽ പ്രസിഡന്റായി. പിന്നീട് അവരുടെ മരണത്തെത്തുടർന്നു രജനി ജോസഫ് പ്രസിഡന്റായി. സർക്കാർ ഫണ്ട് കൂടി ഉപയോഗപ്പെടുത്തി മൈലപ്രയിൽ സമൂലമായ വികസനം സാധ്യമായെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു.
കക്ഷിനില:
ആകെ വാർഡുകൾ: 13, എൽഡിഎഫ് - 5, യുഡിഎഫ് - 6, ബിജെപി - 1, സ്വതന്ത്രൻ - 1
നേട്ടങ്ങൾ
ഒരു കോടി മുടക്കി ചക്കാലേത്ത് കോളനി നവീകരണം. 1.43 കോടിയുടെ കുടുംബാരോഗ്യകേന്ദ്രം. മൈലപ്ര പിഎച്ച്സിക്ക് എംഎൽഎ ഫണ്ടിൽ പുതിയ ആംബുലൻസ്.
പിഎച്ച്സിയിൽ എൻഎച്ച്എം ഫണ്ട് വഴി പുതിയ ലബോറട്ടറിയും സൗകര്യങ്ങളും.
ലൈഫ് മിഷനിൽ 49 കുടുംബങ്ങൾക്ക് വീട്.
ജില്ലാ പഞ്ചായത്ത് ഫണ്ട് 37 ലക്ഷം ചെലവഴിച്ചു വോളിബോൾ ടർഫും അനുബന്ധ സൗകര്യങ്ങളും.
ബ്ലോക്ക് പഞ്ചായത്തിന്റെ 15 ലക്ഷം പതിമൂന്നാം വാർഡിൽ കാട്ടുകല്ലിൽ കുടിവെള്ള പദ്ധതി.
കുമ്പഴവടക്ക് - നാക്കാലിപ്പടി ഭാഗത്തേക്കു25 ലക്ഷം മുടക്കി പൈപ്പുകൾ.
9.5 ലക്ഷം ചെലവഴിച്ച് കോട്ടമലയിലും എട്ടു ലക്ഷം ചെലവിൽ ശാന്തി നഗറിലും കുടിവെള്ള പൈപ്പുകൾ.
10 ലക്ഷം രൂപ ചെലവിൽ മുള്ളൻകല്ല് വാർഡിൽ പുതിയ അങ്കണവാടി. 10 ലക്ഷം രൂപ ചെലവഴിച്ച് നാക്കാലിപ്പടി വാർഡിൽ പുതിയ അങ്കണവാടി, 21 ലക്ഷം മുടക്കി മൂന്നു സ്കൂളുകൾക്കു പാചകപ്പുരകൾ (എംഎൽഎ ഫണ്ട്).
എംസിഎഫ് സ്ഥാപിച്ചു.ഹരിത കർമസേനയ്ക്കു പുതിയ വാഹനം.
റോഡുകൾ, കലുങ്കുകൾ, നടവഴികൾ, കൈവരികൾ, സംരക്ഷണ ഭിത്തികൾ, ഓടകൾ, ഐറിഷ് ഓടകൾ നിർമിച്ചു.
മിനിമാസ്റ്റ് അടക്കം മുഴുവൻ റോഡുകളിലും ഇടറോഡുകളിലും നടവഴികളിലും തെരുവുവിളക്ക്.
ഒരു തവണ സംസ്ഥാന തലത്തിലും മൂന്നു പ്രാവശ്യം ജില്ലാ തലത്തിലും എൻആർഇജിഎസ് പുരസ്കാരം.
വിവ കേരള കാന്പയിനിൽ 2023ൽ മൈലപ്ര പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി.
കോട്ടങ്ങൾ
വികസന മുരടിപ്പിന്റെ അഞ്ചു വർഷം. നവകേരള സദസിലും വികസന സദസിലും ജനങ്ങളുടെ ആവശ്യങ്ങൾ എഴുതി വാങ്ങിയതല്ലാതെ പ്രാവർത്തികമായിട്ടില്ല. സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും നടമാടി.
സംസ്ഥാന സർക്കാരിന്റെ ഭരണാനുകൂല്യമുണ്ടായിട്ടും റോഡുകൾ പോലും നന്നാക്കിയില്ല.
മൈലപ്ര - വല്യയന്തി, കുറുപ്പ് മെമ്മോറിയൽ, പോസ്റ്റ് ഓഫീസ് പടി - പത്തിശേരി തുടങ്ങിയ പ്രധാന റോഡുകൾ ശോചനീയ സ്ഥിതിയിൽ.
ജലജീവൻ പദ്ധതി കരാറുകാരനു പണം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിച്ചുപോയി. പൈപ്പുകളിടാൻ കുഴിച്ച റോഡുകളും തകർന്നു കിടക്കുന്നു.
ലൈഫ് മിഷൻ അഞ്ചുവർഷം ജനറൽ വിഭാഗത്തിൽ 35 കുടുംബങ്ങൾക്കും പട്ടികജാതി വിഭാഗത്തിൽ പത്തു കുടുംബങ്ങൾക്കും മാത്രമാണ് വീടു കിട്ടിയത്.
നോൺ റോഡ് മെയിന്റനൻസ് ഫണ്ടുകൾ മുഴുവൻ പഞ്ചായത്ത് ഓഫീസ് നവീകരണത്തിനും കൃഷിഭവൻ ഓഡിറ്റോറിയം നവീകരണത്തിനും മാറ്റിവച്ചെങ്കിലും പൂർത്തീകരിച്ചില്ല.
നിലാവ് പദ്ധതി പരാജയം. വായ്പയെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിച്ചെങ്കിലും ആറു മാസത്തിനുള്ളിൽ തകരാറിലായി.ഏഴു വർഷം വരെ വാറണ്ടി പറഞ്ഞെങ്കിലും നന്നാക്കി നൽകിയിട്ടില്ല.
മഹാത്മാ പുരസ്കാരം കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തന നേട്ടത്തിനു ലഭിച്ചതാണ്.
തനതു വരുമാനമില്ലാത്ത ഗ്രാമപഞ്ചായത്തിൽ മേക്കൊഴൂരിൽ ഷോപ്പിംഗ് കോംപ്ലക്സും ഓഡിറ്റോറിയവുമെന്ന നിർദേശം അംഗീകരിച്ചില്ല.
മേക്കൊഴൂരിൽ അശാസ്ത്രീയമായി എംസിഎഫ് സ്ഥാപിച്ചതോടെ വികസന സാധ്യത ഇല്ലാതാക്കി.
അഞ്ചുകോടി രൂപ ചെലവിൽ മണ്ണാറക്കുളഞ്ഞി ഷോപ്പിംഗ് കോംപ്ലക്സ് പൂർത്തീകരിച്ചെ വാദം പച്ചക്കള്ളം.
വികസനത്തെ രാഷ്ട്രീയവത്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളോടു മുഖംതിരിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫീസ് നിർവഹണത്തിലും മെല്ലപ്പോക്ക്. സാധാരണക്കാർക്കുള്ള സേവനം കാര്യക്ഷമമല്ല.