സ്നേഹഭവനം സമ്മാനിച്ചു
1601680
Wednesday, October 22, 2025 3:57 AM IST
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തിലുള്ള 362-മത്തെ സ്നേഹഭവനം രാജമ്മ സക്കറിയയുടെയും കുടുംബത്തിന്റെയും സഹായത്താൽ സ്മരണയിൽ ചിറ്റാർ വേളിമല ഉന്നതിയിൽ പ്രിയ മോഹനനും കുടുംബത്തിനുമായി നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും രാജമ്മ സക്കറിയ നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമിക്കാൻ കഴിയാതെ വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയിൽ ടാര്‍പൊളിൻ കൊണ്ട് നിർമിച്ച കുടിലിലായിരുന്നു ആദിവാസി കുടുംബമായ പ്രിയയും മോഹനനും മൂന്ന് കുഞ്ഞുങ്ങളും താമസിച്ചിരുന്നത്.
ഇവരുടെ അവസ്ഥ പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി മുൻ സെക്രട്ടറി സബ്ജറ്റ് ബീനാഗോപാൽ മുഖേന മനസിലാക്കിയ ഡോ. സുനിൽ ഇവർക്കായി രാജമ്മ സക്കറിയ നൽകിയ ആറര ലക്ഷം രൂപ ഉപയോഗിച്ച് രണ്ട് നിലകളിലായി മൂന്നു മുറികളും, അടുക്കളയും ഹാളും ബാൽക്കണികളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്ന രീതിയിൽ രൂപകല്പന ചെയ്തു നിർമിച്ചു നൽകി.
ചടങ്ങിൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ .ബഷീർ, എം. ജെ. ശോശാമ്മ, പ്രോജക്ട് കോഓഡിനേറ്റർ കെ .പി .ജയലാൽ, സന്തോഷ് എം. സാം, സണ്ണി ചള്ളക്കൽ, ഫിലിപ്പോസ് തെക്കേക്കര, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. ആദിവാസികൾക്കായി പണിയുന്ന രണ്ടാമത്തെ വീടാണ് ഇവർക്കായി നൽകിയത്.