ഫെയർവാല്യുവിന് പൂജ്യം കൂടിയ സംഭവം : "ഭൂവുടമകളെ ഉദ്യോഗസ്ഥ-അഭിഭാഷക ലോബി ചൂഷണം ചെയ്യുന്നു'
1602098
Thursday, October 23, 2025 3:44 AM IST
ആരോപണവുമായി പൗരസമിതി രംഗത്ത് 15,000 രൂപ എന്നത് 1,50,000 ആയതു വിനയായി
പത്തനംതിട്ട: കുളനട, മെഴുവേലി വില്ലേജുകളിൽ ഭൂമിയുടെ ഫെയർ വാല്യു നിശ്ചയിച്ചതിലെ പിശകുകൾ പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി കുളനട - ഉളനാട് പൗരസമിതി.
2010ൽ ഫെയർവാല്യു നിശ്ചയിച്ചപ്പോൾ ഒരു ആറിന് ഒരു പൂജ്യം കൂടിപ്പോയതാണ് പ്രശ്നമായത്. 15,000 രൂപ എന്നത് ഫെയർവാല്യു രേഖപ്പെടുത്തിയത് 1,50,000 രൂപയെന്നാണ്. കുളനട, മെഴുവേലി വില്ലേജുകളിൽ സമാനമായ സാഹചര്യമുണ്ടായി. ഇരു വില്ലേജുകളിലും ഉൾപ്രദേശങ്ങളിൽ പോലും നിരക്ക് കുത്തനേ ഉയർന്നു.
കൂട്ടുകച്ചവടം
ഇതു സംബന്ധിച്ച് 2010 മുതൽ നിരവധി പരാതികൾ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നു കുളനട- ഉളനാട് പൗരസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി മന്ത്രിക്കടക്കം നൽകിയ പരാതിയിൽ അനുകൂലമായ തീരുമാനമുണ്ടായതാണെങ്കിലും ചില ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾ സംരക്ഷിച്ചുവരികയാണ്. ഇതിനു പിന്നിൽ വിരമിച്ച ചില ഉദ്യോഗസ്ഥരും അഭിഭാഷകരും ഉണ്ടെന്നും പൗരസമിതി ആരോപിച്ചു.
നാട്ടുകാരായ രണ്ട് റവന്യു ഉദ്യോഗസ്ഥന്മാരുടെ കാലത്താണ് ഈ ഉയർന്ന ഫെയർ വാല്യുനിശ്ചയിച്ചത്. ഈ രണ്ടുപേരും കൈക്കൂലിക്കും മറ്റും നിരവധിത്തവണ ശിക്ഷണ നടപടികൾക്കു വിധേയരായവരാണന്നു പൗരസമിതി അംഗങ്ങൾ ആരോപിച്ചു. ഇതിൽ ഒരാൾ ഇടതു നേതാവാണ്. ഇവർ വിരമിച്ചതിനു ശേഷവും പ്രമാണം രജിസ്റ്റർ ചെയ്യാൻ വൻ കളികൾ നടത്തുകയാണ്.
അഭിഭാഷകരുടെ പേരിലും ഫെയർവാല്യു മാറ്റി നൽകുന്നതിലും വിരമിച്ച ഉദ്യോഗസ്ഥർ അടക്കം അവിഹിത ഇടപെടലുകൾ നടത്തുന്നു. നിരവധിയാളുകളിൽനിന്നു വൻ തുകയാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നതിനു കബളിപ്പിച്ചുവാങ്ങിയിട്ടുള്ളതെന്നും ഇവർ കുറ്റപ്പെടുത്തി.
വൻതുക തട്ടിയെടുക്കുന്നു
തുമ്പമൺതാഴം വട്ടംകുന്നുമലയിൽ ഫെയർവാല്യു കുറച്ചു നൽകാനായി 2023ൽ നൽകിയ അപേക്ഷയിൽ ഇതേവരെ തീരുമാനമായില്ലെന്നു വൈ. വർഗീസ് പറഞ്ഞു . മെഴുവേലി വില്ലേജിൽ ഉളനാട് വടക്കേകരയത്ത് വി.എ. തോമസ് എന്നയാളിന്റെ വസ്തുവീതംവച്ച് നാലു പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യാൻ 4.15 ലക്ഷം രൂപ ഉയർന്ന ഫെയർ വാല്യു ആണെന്നു പറഞ്ഞ് കബളിപ്പിച്ചു വാങ്ങിയിട്ടുണ്ട്.
അന്വേഷണത്തിൽ എല്ലാ ചെലവും ഉൾപ്പെടെ വെറും 69,190 രൂപ മാത്രമാണ് വേണ്ടിവരുന്നത്. 3,45,810 രൂപയാണ് വി.എ. തോമസിൽനിന്നു കബളിപ്പിച്ചു വാങ്ങിയത്. ഇതു സംബന്ധിച്ച് പത്തനംതിട്ട ഡിവൈഎസ്പിക്ക് 2025 സെപ്റ്റംബറിൽ പരാതി നൽകിയിരുന്നതായും വി. എ. തോമസ് പറഞ്ഞു. അന്വേഷണത്തിൽ കബളിപ്പിക്കൽ നടന്നതായി പോലീസിനു ബോധ്യപ്പെട്ടിട്ടും നടപടി ഒന്നും ഉണ്ടായില്ല.
തുടർന്ന് മുഖ്യമന്ത്രിക്കു കഴിഞ്ഞ 13നു പരാതി നൽകി. കുളനട, മെഴുവേലി എന്നീ വില്ലേജുകളിലെ സാധാരണക്കാരായ നിരവധി ആളുകളെ ഫെയർ വാല്യുവിന്റെ പേരു പറഞ്ഞ് പ്രമാണം ചെയ്യുന്നതിനും മറ്റും ലക്ഷങ്ങളാണ് കബളിപ്പിച്ചുവാങ്ങുന്നത്. നാട്ടുകാരുടെ പരാതികളെത്തുടർന്ന് അദാലത്ത് നടത്താൻ തീരുമാനിച്ചതാണെങ്കിലും ജീവനക്കാർ കുറവാണെന്ന കാരണം പറഞ്ഞ് ഒഴിയുകയാണ്.
വാർത്താസമ്മേളനത്തിൽ ഉളനാട് സ്വദേശികളായ ബാബു സാമുവേൽ, വി.എ. തോമസ്, വൈ. വർഗീസ്, വി.സി. തോമസ് ,എം.ഡി. ജോഷ്വാ എന്നിവർ പങ്കെടുത്തു.