ജനറൽ ആശുപത്രിയിൽ എൻഡോസ്കോപ്പി പ്രവർത്തനം തുടങ്ങി; കോളനോസ്കോപ്പി ഉടൻ
1593011
Friday, September 19, 2025 11:50 PM IST
ആലപ്പുഴ: ജനറൽ ആശുപത്രി ആലപ്പുഴയിൽ എൻഡോസ്കോപ്പി പ്രവർത്തനം തുടങ്ങി. കഴിഞ്ഞമാസം എച്ച്. സലാം എംഎൽഎ ഉദ്ഘാടനം ചെയ്ത എൻഡോസ്കോപ്പിയുടെ പ്രവർത്തനം ബന്ധപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയതിനുശേഷം ഇന്നലെ മുതലാണ് ആരംഭിച്ചത്. ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ മൂന്നുപേരെയാണ് എൻഡോസ്കോപ്പി പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒരുദിവസം അഞ്ചുപേരെവരെ എൻഡോസ്കോപ്പി ചെയ്യാം. ആലപ്പുഴ നഗരസഭ അനുവദിച്ച 37,68,000 രൂപ ഉപയോഗിച്ചാണ് എൻഡോസ്കോപ്പി, കോൾനോസ്കോപ്പി, പ്രോസസർ എന്നിവ വാങ്ങിയത്.
വൻകുടലിൽ വരുന്ന കാൻസർ രോഗത്തെ കോളനോസ്കോപ്പി വഴി കണ്ടെത്താം. ജില്ലയിൽ ജനറൽ ആശുപത്രിയിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. സംസ്ഥാന സർക്കാരിന്റെ ആരോഗ്യം ആനന്ദം രണ്ടാംഘട്ടം പ്രവർത്തനങ്ങൾ ഊർജീതമാക്കുന്നതിന്റെ ഭാഗമായി ഒന്നര മാസത്തിനുള്ളിൽ കോളനോസ്കോപ്പിയുടെ പ്രവർത്തനവും തുടങ്ങാനാണ് ഉദ്ദേശമെന്ന് സൂപ്രണ്ട് ഡോ. സന്ധ്യ ആർ. പറഞ്ഞു.
എൻഡോസ്കോപ്പിവഴി അന്നനാളത്തിലെയും ആമാശയത്തിലെയും കാൻസർ കണ്ടുപിടിച്ച് നേരത്തെതന്നെ ചികിത്സ ആരംഭിച്ചു സുഖമാക്കാൻ സാധിക്കും.