ഗവേഷക പഠനത്തിന് ഒറ്റമശേരി സ്വദേശിക്ക് രണ്ടുകോടിയുടെ സ്കോളര്‍ഷിപ്പ്
1593017
Friday, September 19, 2025 11:50 PM IST
ചേർത്തല: യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഡോക്ടറൽ നെറ്റ്വർക്ക് പ്രോട്ടേമിക് ഗവേഷക വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഹോറിസോൺ മേരി സ്കോളോ ടോവാസ്ക ക്യൂറി ആക്ഷൻ റിസേർച്ച് പ്രോട്ടേമിക് സ്കോളർഷിപ്പിന് ഒറ്റമശേരി സ്വദേശിയായ സെബിൻ കെ. ബിനു അർഹനായി. രണ്ടു രാജ്യങ്ങളായി നാലു വർഷം ഗവേഷകപഠനം നടത്തുന്നതിനായി 2,01,720 യൂറോയാണ് (രണ്ടു കോടിയോളം രൂപ ) സ്കോർഷിപ് ലഭിക്കുന്നത്. ആദ്യം വിയന്നയിലെ വീൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലും തുടർന്ന് അയർലാൻഡ് മൂൺസ്റ്റർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലുമാണ് പഠനം.
തണ്ണീർമുക്കം എൽപി സ്കൂൾ പ്രഥമാധ്യാപകന് ഒറ്റമശേരി കുരിശിങ്കൽ വീട്ടിൽ ബിനു കെ. കുഞ്ഞപ്പന്റെയും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക മേരിലാമ്മ വർഗീസിന്റെയും മകനാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ ഗവേഷകാത്മക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഹോറിസോൺ മേരി സ്കോളോ ടോവാസ്ക ആക്ഷൻ ഡോക്ടറൽ നെറ്റ്വർക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ആഗോളതലത്തിൽ റിസേർച്ചിൽ താത്പര്യമുള്ള വിദ്യാർഥികളിൽ നിന്നും വിവിധ ഘട്ടങ്ങളിലായി തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. സെബിന്റെ
സഹോദരി ആൻ മരിയ കെ. ബിനു സൗത്ത് കൊറിയൻ പുസാൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയാണ്.