കായംകുളത്ത് കൂടുതൽ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം: കെ.സി. വേണുഗോപാല്‍ എംപി
1593013
Friday, September 19, 2025 11:50 PM IST
കായംകുളം: മധ്യ തിരുവിതാംകൂറിലെ പ്രധാന തീരദേശ റെയില്‍വേ സ്റ്റേഷനായ കായംകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത്, രാജധാനി ഉള്‍പ്പെടെ പത്തോളം ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തു നല്കി.
വന്ദേഭാരതിന് പുറമെ തിരുവനന്തപുരം നോര്‍ത്ത്( കൊച്ചുവേളി), യോഗ് നാഗരി ഋഷികേഷ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ എംജിആര്‍ സെന്‍ട്രല്‍ സൂപ്പര്‍ എസി എക്സ്പ്രസ്, തിരുവനന്തപുരം ഹസ്രത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത് യശ്വന്ത്പുരം എസി എക്സ്പ്രസ്, തിരുവനന്തപുരം നോര്‍ത്ത് ഹുബ്ബള്ളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം വെരാവല്‍ എക്സ്പ്രസ്, ഹംസഫര്‍ എക്സ്പ്രസ്, വിവേക് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. നിരവധി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കായംകുളം.
ഇതിന് പുറമെ അമൃതാനന്ദമയി മഠം, ആയുര്‍വേദ മെഡിക്കല്‍ കോളജ്, എൻജിനിയറിംഗ് കോളജ് , ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാമ്പ്, എന്‍ടിപിസി തുടങ്ങിയ സ്ഥാപനങ്ങളുടെയും സാംസ്കാരിക, ചരിത്ര, വ്യവസായ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളുടെയും ആവശ്യകത കണക്കിലെടുത്താണ് ഈ ട്രെയിനുകള്‍ക്ക് കൂടി സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം എംപി ഉന്നയിച്ചത്. ശബരിമല തീർഥാടകരും ആഭ്യന്തര വിദേശ സഞ്ചാരികളും പ്രധാനമായി ആശ്രയിക്കുന്ന സ്റ്റേഷന് എന്ന പരിഗണന മുന്‍നിര്‍ത്തി കായംകുളം സ്റ്റേഷന്റെ നവീകരണ പ്രവൃത്തികളും അടിയന്തരമായി ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.