കുത്തിയതോട് പോലീസ് സ്റ്റേഷന് ബിഐഎസ് അംഗീകാരം
1593014
Friday, September 19, 2025 11:50 PM IST
തുറവൂർ: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോടെ ഐഎസ്ഒ അംഗീകാരം കുത്തിയതോട് സ്റ്റേഷൻ സ്വന്തമാക്കി. ഈ അംഗീകാരം കരസ്ഥമാക്കിയ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ സ്റ്റേഷനാണ് കുത്തിയതോട് പോലീസ് സ്റ്റേഷൻ. ഈ അംഗീകാരം ആദ്യം അർത്തുങ്കൽ പോലീസ് സ്റ്റേഷൻ കരസ്ഥമാക്കിയിരുന്നു.
സേവനവും സൗകര്യവും മിക്കച്ചതാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ആറു മാസത്തെ നീണ്ട പരിശ്രമമാണ് നേട്ടത്തിന് പിന്നിൽ. ബി ഐഎസ് ദക്ഷിണമേഖല ഓഫീസിലെ സംഘം സ്റ്റേഷൻ സന്ദർശിച്ച് നല്കിയ മാർഗ നിർദേശം അനുസരിച്ചാണ് മികച്ച സേവനവും സൗകര്യവും ഉറപ്പാക്കിയത്. ക്രമസമാധാന പരിപാലനം, കുറ്റാന്വേഷണം, പരാതി തീർപ്പാക്കുന്നതിലെ വേഗത, രേഖകളുടെ പരിപാലനം, ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ശുചിത്വ-ഹരിതചട്ട പരിപാലനം, ദൈനംദിന പ്രവർത്തനത്തിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളിൽ ബിഐഎസ് നിഷ്കർഷിക്കുന്ന മികവ് കൈവരിച്ചാണ് നേട്ടം സ്വന്തമാക്കിയത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ നായർ ഐ പിഎസിന്റെ പിൻതുണയേടെ ചേർത്തല എഎസ്പി ഹരീഷ് ജെയിൻ ഐപിഎസിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പോലീസ് അജയ മോഹൻ എം., പോലീസ് സബ് ഇൻസ്പെക്ടർ രാജീവ് , സലി സി.സി. എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ കൈകോർത്താണ് സ്റ്റേഷൻ പ്രവർത്തനം ഉന്നത നിലവാരത്തിലെത്തിച്ചത്.
ഇന്ന് രാവിലെ 11.ന് സ്റ്റേഷൻ അങ്കണത്തിൽ കേരള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. അരൂർ എംഎൽഎ ദലീമ ജോജോ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ( IS/ISO 9001- 2015 ) സർട്ടിഫിക്കറ്റ് ബിഐഎസ് പ്രതിനിധി കൈമാറും .