ഗവണ്മെന്റ് ബോയ്സ് സ്കൂളില്‍ ശ്രീനാരായണഗുരു സമാധി ദിനാചരണം
1593012
Friday, September 19, 2025 11:50 PM IST
ചേര്‍ത്തല: ശ്രീനാരായണ മെമ്മോറിയല്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളും താലൂക്ക് മഹാസസമാധി ദിനാചരണകമ്മിറ്റിയും ചേര്‍ന്നുള്ള ശ്രീനാരായണഗുരുവിന്റെ 98-ാമത് മഹാസമാധി ദിനാചരണം നാളെ നടക്കും.
ശ്രീനാരായണഗുരുദേവന്‍ ദാനംചെയ്ത സ്ഥലത്താണ് സര്‍ക്കാര്‍ സ്കൂളിന്റെ വികസനം നടന്നത്. പതിറ്റാണ്ടുകളായി മുടങ്ങാതെയാണ് സ്കൂളില്‍ സമാധി ദിനാചരണം നടന്നുവരുന്നത്. ഇക്കുറിയും സമാധി ദിനാചരണത്തിനു വിപുലമായ ക്രമീകരണങ്ങളാണൊരുക്കിയിരിക്കുന്നതെന്ന് സമാധി ദിനാചരണകമ്മിറ്റി ചെയര്മാന് സി.കെ. വിജയഘോഷ് ചാരങ്കാട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ആര്. രാജു, വൈസ് ചെയര്മാന്മാരായ പി.എം. പുഷ്കരന്, എസ്. ജയധരന്‍, ജി. ഗോപിദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ പത്തിനു ഗുരുദേവന് കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍നിന്ന് സ്കൂളിലെ വിദ്യാര്‍ഥികള്‍ നയിക്കുന്ന ദീപശിഖ റിലേ. രണ്ടിനു സ്കൂളില്‍ നടക്കുന്ന സമാധിദിന സമ്മേളനം മുന്‍ മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. കളവംകോടം ശക്തീശ്വരം ക്ഷേത്രം പ്രസിഡന്റ് സി.കെ. ഷാജിമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. 3.45ന് പുഷ്പാര്‍ച്ചനയും സമാധി സമൂഹ പ്രാർഥനയേയും തുടര്‍ന്ന് നാലിന് മൗനജാഥ.
കണിച്ചുകുളങ്ങര
ദേവസ്വം സ്കൂളുകളില്‍
ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവസ്വം സ്കൂളുകളുടെ സംയുക്ത നേതൃത്വത്തില്‍ നാളെ ശ്രീനാരായണ ഗുരുദേവന്റെ 98-ാം സമാധിദിനം ആചരിക്കും. സാംസ്കാരിക സമ്മേളനവും മെറിറ്റ് അവാര്‍ഡ് വിതരണവുമായാണ് സമാധിദിനം ആചരിക്കുന്നത്. വിദ്യകൊണ്ടു പ്രബുദ്ധരാകുകയെന്ന ഗുരുസന്ദേശത്തില് പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് കണിച്ചുകുളങ്ങരയിലെ ദേവസ്വം സ്കൂളുകള്‍.
മുന്‍ കാലങ്ങളിലേക്കാള്‍ മികവോടെയുള്ള സമാധി ദിനാചരണത്തിന് ഒരുക്കങ്ങളായതായി ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. അജിത, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ രജനി രവീന്ദ്രന്, വിഎച്ച്എസ്എസ് പ്രഥമാധ്യാപിക എസ്. സുജിഷ, ഗേള്‍സ് ഹൈസ്കൂള്‍ പ്രഥമാധ്യാപിക കെ.പി. ഷീബ, ജനറല്‍ കണ്‍വീനര്‍ ബാബു രാമചന്ദ്രന്, പി.കെ. മനോജ്, പി.കെ. രാമകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്കൂളുകളില്‍നിന്ന് ഉന്നതവിജയം നേടിയവര്‍ക്ക് സ്വര്‍ണമെഡലടക്കം 200 ഓളം പുരസ്കാരങ്ങളാണ് സമ്മേളനത്തില്‍ നല്‍കുന്നത്. പകല്‍ 2.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഫിഷറീസ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പളളി നടേശന് അധ്യക്ഷനാകും. പ്രഭാഷകന്‍ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഹയര്‍സെക്കന്‍ഡറി റിട്ടയേര്‍ഡ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ. അശോക് കുമാര്‍ സമാധിദിന സന്ദേശം നല്‍കും.