തൃക്കുന്നപ്പുഴയിൽ മുണ്ടിനീര് രോഗം വ്യാപിക്കുന്നു
1593020
Friday, September 19, 2025 11:50 PM IST
ഹരിപ്പാട്: തീരദേശ ഗ്രാമമായ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. വിവിധ സ്കൂളുകളിൽ പഠിക്കുന്ന 50 ലേറെ കുട്ടികൾക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ കഴിയാത്തത് ആശങ്ക ഉയർത്തുന്നു.
തൃക്കുന്നപ്പുഴ ഗവ. എൽപി സ്കൂളിലെ കുട്ടികൾക്കാണ് ജൂലൈ മാസം ആദ്യം മുണ്ടിനീര് ബാധ കണ്ടുതുടങ്ങിയത്. പലതവണയായി മുപ്പതിലധികം കുട്ടികൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഒന്ന് രണ്ട് ക്ലാസുകൾ പഠിക്കുന്ന കുട്ടികൾക്കാണ് രോഗബാധ ഏറെയും ഉണ്ടായത്. ഓണാഘോഷത്തിനു ശേഷം രോഗബാധ വീണ്ടും കണ്ടുതുടങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ 12 മുതൽ സ്കൂളിന് അവധി നൽകിയിരിക്കുകയാണ്.
ഇപ്പോൾ പല്ലന ഗവൺമെന്റ് എൽപി സ്കൂളിലെ കുട്ടികൾക്കാണ് രോഗബാധ കൂടുതലായി കണ്ടുതുടങ്ങുന്നത്. രോഗവ്യാപനം തടയാൻ സ്കൂളിന് 24-ാം തീയതി വരെ കലക്ടർ അവധി പ്രഖ്യാപിച്ചു. കാർത്തികപ്പള്ളിയിലും ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലും ഉള്ള വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്നര വയസുകാരൻ മുതൽ 13 വയസ് വരെയുള്ള കുട്ടികൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയാൻ ഊർജിതമായ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ കൂടുതൽ ഊർജിതമാക്കു ന്നതിനായി ആരോഗ്യ പ്രവർത്തകരുടെയും ആശാവർക്കർമാരുടെയും അടിയന്തയോഗം ഇന്നു നടക്കുമെന്ന് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.
കുട്ടികൾക്ക് നൽകുന്ന എംഎംആർ വാക്സിൻ നിർത്തലാക്കിയതാണ് രോഗം വ്യാപകമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. രോഗബാധ കൂടുതൽ ഉണ്ടായ സ്കൂളിനെ കേന്ദ്രീകരിച്ചു മാത്രമാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. വീട്ടിലുള്ള മറ്റുകുട്ടികൾ വഴിയും രോഗം വ്യാപനം സംഭവിക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. കൃത്യമായ ബോധവത്കരണം ആവശ്യമാണെന്നും നാട്ടുകാർ പറയുന്നു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാർവഴി പ്രദേശത്ത് ബോധവത്കരണ നോട്ടീസ് വിതരണം ചെയ്യാനും അനൗൺസ്മെന്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.