ചാമ്പ്യന്‍സ് ബോട്ട് ലീഗ് വൈകാതെ ലോകശ്രദ്ധ നേടും: മന്ത്രി റിയാസ്
1593019
Friday, September 19, 2025 11:50 PM IST
ആലപ്പുഴ: ആറാം സീസണില്‍ എത്തുമ്പോള്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ലോക ശ്രദ്ധ പിടിച്ചുപറ്റുമെന്നും അതിനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതായും ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ് സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി കൈനകരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സിബിഎല്‍ തുടങ്ങി നാലാം സീസണ് എത്തിയപ്പോഴേക്കും രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റാന്‍ നമുക്ക് സാധിച്ചു. ആറാം സീസണിലേക്ക് എത്തുമ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലേക്കെത്താനുള്ള പ്രവര്‍ത്തനം ടൂറിസം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലോകരാജ്യങ്ങളില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പ്രചാരണത്തിനായി സര്‍ക്കാര്‍ മൈക്രോ സൈറ്റ് പുറത്തിറക്കി. വള്ളംകളിയുടെ സമഗ്രവിവരങ്ങള്‍ രേഖപ്പെടുത്തിയ സൈറ്റ് വഴി കൂടുതല്‍ വിദേശ സഞ്ചാരികളെ സിബിഎല്‍ വേദിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഭാവിയില്‍ ഈ സൈറ്റ് വഴി ടൂര്‍ ബുക്കിംഗ് വരെ നടപ്പാക്കാന്‍ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വള്ളംകളി വ്യാപകമാക്കും
സംസ്ഥാനമൊട്ടാകെയുള്ള വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി വള്ളംകളി കൂടുതല്‍ വ്യാപകമായി സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇത്തവണ കേരളത്തിന്റെ വടക്കുഭാഗത്തുള്ള ജില്ലകളിലും ബോട്ട് ലീഗിന്റെ ഭാഗമായി വള്ളംകളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ എംഎല്‍എ സി.കെ. സദാശിവന് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് സിബിഎല്‍ സന്ദേശം നല്കി. ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ സുരേഷ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകുമാരി, കൈനകരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എ. പ്രമോദ്, ടെക്നിക്കല്‍ കമ്മിറ്റി അംഗങ്ങളായ മുന്‍ എംഎല്‍എ കെ.കെ. ഷാജു, ആര്.കെ. കുറിപ്പ്, എസ്.എം. ഇക്ബാല്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.