രേഖകളിൽ കൃത്രിമം: കർഷകർ കൃഷിഭവൻ ഉപരോധിച്ചു
1593022
Friday, September 19, 2025 11:50 PM IST
മങ്കൊമ്പ്: വിള ഇൻഷുറൻസ് പദ്ധതി രേഖകളിൽ കൃഷിവകുപ്പുദ്യോഗസ്ഥർ കാട്ടിയെന്നാരോപിച്ചു കർഷകർ കൃഷിഭവൻ ഉപരോധിച്ചു. നീലംപേരൂർ കൃഷിഭവൻ പരിധിയിൽ വരുന്ന കിളിയങ്കാവ് പാടശേഖരത്തിലെ കർഷകരാണ് കൃഷിഭവൻ ഉപരോധിച്ചത്.
പാടശേഖരസമിതി സെക്രട്ടറി കെ. ഗോപകുമാർ സമരം ഉദ്ഘാടനം ചെയ്തു. വിത കഴിഞ്ഞ് 45 ദിവസങ്ങൾക്കുള്ളിൽ ഇൻഷുറൻസ് നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നിരിക്കേ, കിളിയങ്കാവ് വടക്ക് പാടശേഖരത്തിൽ വിത കഴിഞ്ഞ് 87-ാം ദിവസത്തിൽ വിത തീയതിയിൽ കൃത്രിമം കാട്ടി ഇൻഷ്വറൻസ് നടപടികൾ പൂർത്തിയാക്കിയ രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർക്കും നീലംപേരൂർ കൃഷി അസിസ്റ്റന്റിനുമെതിരേ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ടാണ് സമരം നടന്നത്.
പാടത്തിന് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജൂൺ 21 നാണ് പാടത്ത് വിത ആരംഭിച്ചത്. കർശന സൂക്ഷ്മപരിശോധനയിൽ അപാകത കണ്ടെത്തി മാറ്റിവച്ച അപേക്ഷാ ഫോറങ്ങൾ സമയബന്ധിതമായി കർഷകർ പൂർത്തീകരിച്ചു നൽകി. വിത തീയതി ജൂലൈ ഏഴാക്കി രജിസ്റ്റർ ചെയ്ത് ആകെയുള്ള 124 കർഷകരിൽ 79 പേരുടേതു മാത്രമാണ് പാസാക്കിയത്.
ശേഷിക്കുന്നവയാണ് ജൂലൈ 30 വിതത്തിയതിയാക്കി മാറ്റി സെപ്റ്റമ്പർ 15ന് എഡിഎയുടെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്തതെന്നും കർഷകർ പറയുന്നു. വിത തീയതി കൃത്രിമമായി ഒരു മാസത്തിലേറെ വ്യത്യാസത്തിൽ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ, മടവീഴ്ചയുണ്ടായാൽ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കാനുള്ള സാധ്യത തീരെയില്ലെന്നാണ് കർഷകരുടെ ആശങ്ക. കൃഷിമന്ത്രിക്കും സംസ്ഥാന ഡയറക്ടർക്കും പരാതി നൽകുമെന്ന് പാടശേഖര സമിതി പറഞ്ഞു. സമിതി പ്രസിഡന്റ് ജെ. ഗോപിദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ തുളസീദാസൻ പിള്ള, എം.എ. ജോസഫ്, റെജികുമാർ ആലഞ്ചേരി, പി.ടി. തോമസ്, സുകുമാരൻ നായർ മറ്റപ്പള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു.