വീട് കയറി ആക്രമണം; യുവതിക്ക് പരിക്ക്, ആറുപേർക്കെതിരേ കേസ്
1593021
Friday, September 19, 2025 11:50 PM IST
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കരയിൽ ആറംഗ സംഘം വീട് കയറി ആക്രമിച്ചതായി പരാതി. സംഭവത്തിൽ വീട്ടുടമയുടെ മകൾക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ 14-ന് രാത്രിയിലാണ് സൂര്യഭവനിൽ സുനിൽ കുമാറി(47)ന്റെ വീട്ടിൽ ആക്രമണം നടന്നത്.
സുനിൽ കുമാറിന്റെ മകളായ സൂര്യ ലക്ഷ്മി(22)ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇരുമ്പ് കമ്പി വടികൊണ്ട് അടിച്ചതിനെത്തുടർന്ന് വലതുതള്ളവിരലിന് മുറിവേൽക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തതായി സൂര്യലക്ഷ്മി ചെങ്ങന്നൂർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണം നടന്നപ്പോൾ സുനിൽ കുമാറിന്റെ ഇളയ മകൾ ശ്രീ ലക്ഷ്മി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർക്കുകയും മുറ്റത്തുണ്ടായിരുന്ന ബൈക്കും സിറ്റൗട്ടിലെ കസേരകളും അടിച്ചു തകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സുനിൽ കുമാറിന്റെ രണ്ടാം ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന.
അയൽവാസിയായ തുരുത്തേൽ വിഷ്ണുവിന്റെ ഭാര്യ സുബിയാണ് രണ്ടാം ഭാര്യയുടെ ബന്ധുവെന്ന് പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണു ഉൾപ്പെടെ ആറ് പേർക്കെതിരേ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.