കത്തിക്കയറി ഇറച്ചിക്കോഴി വില
1593015
Friday, September 19, 2025 11:50 PM IST
തുറവൂർ: ആരും നിയന്ത്രിക്കാൻ ഇല്ലാതെ കത്തിക്കയറി ഇറച്ചിക്കോഴി വില. ഒരു കിലോ കോഴിയിറച്ചിക്ക് 25 രൂപ മുതൽ 75 രൂപ വരെയുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്.
സർക്കാരോ മറ്റ് ഏജൻസികളോ വില നിയന്ത്രിക്കാത്തത് കോഴി വ്യാപാരികളുടെ ഇത്തരത്തിലുള്ള പിടിച്ചുപറിക്ക് കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് ഒരു കിലോ കോഴി 80 രൂപയ്ക്ക് വിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കോഴി ഇറച്ചി വ്യാപാരികൾ മന്ത്രിയുടെ പ്രഖ്യാപനം തള്ളിക്കൊണ്ട് തങ്ങൾക്ക് തോന്നുന്ന വിലയിൽ കോഴിയെ വിൽക്കുമെന്നുള്ള നിലപാടാണ് എടുത്തത്. ഇപ്പോഴും കോഴിവില നിയന്ത്രിക്കാനാകാതെ റോക്കറ്റുപോലെ മുകളിലേക്ക് കയറിക്കൊണ്ടിരിക്കു. ഓണത്തിനു മുമ്പും ഓണത്തിന് ശേഷവും 130 രൂപയ്ക്ക് മുകളിലാണ് ലൈവ് കോഴിവില. 135 മുതൽ 175 വരെയാണ് നിലവിലെ കോഴിവില. ഇതുമൂലം വിവാഹവും മറ്റു ചടങ്ങുകൾ നടത്തുന്നവരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളും വൻതുക നൽകി കോഴി ഇറച്ചി വാങ്ങേണ്ട അവസ്ഥയാണ്.
അതുകൊണ്ടുതന്നെ ഒട്ടു മിക്ക ഹോട്ടലുകളിലും കോഴി ഇറച്ചി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് അമിതമായ വിലയാണ് ഈടാക്കുന്നത്. തമിഴ്നാട് ലോബിയും കേരളത്തിലെ ചിലരും ചേർന്നാണ് നിലവിൽ കോഴിവില നിയന്ത്രിക്കുന്നത്. പല കോഴി ഇറച്ചി വിൽപ്പന സ്ഥാപനങ്ങളും കോഴിക്ക് പല വിലയാണ് ഈടാക്കുന്നത്.
ആലപ്പുഴ ജില്ലയിലെ തന്നെ ഒട്ടുമിക്ക കോഴി ഇറച്ചി വിൽപ്പന കേന്ദ്രങ്ങളും യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്.
ചുരുക്കം ചില കടകൾക്ക് മാത്രമേ കോഴി ഇറച്ചി മാലിന്യങ്ങൾ സംസ്കരിക്കുവാൻ സൗകര്യമുള്ളു. മറ്റുസ്ഥാപനങ്ങൾ കോഴി ഇറച്ചി മാലിന്യങ്ങൾ ചാക്കിൽക്കെട്ടി പൊതുതോടുകളിലോ റോഡിന്റെ വശങ്ങളിലോ, കുറ്റിക്കാടുള്ള സ്ഥലങ്ങളിലോ കടൽത്തീരത്തോ തള്ളുകയാണ് ചെയ്യുന്നത്.
ഇത് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ഒരു പ്രദേശത്തുതന്നെ ഇറച്ചിക്കോഴിക്ക് പലവിലയാണ് ഈടാക്കുന്നത് . സർക്കാരും മറ്റ് ഏജൻസികളും ഇത്തരത്തിലുള്ള പിടിച്ചുപറി കണ്ടില്ലെന്ന് നടിക്കുകയാണ്. അടിയന്തരമായി സംസ്ഥാനത്തെ കോഴിവില നിയന്ത്രിക്കാനുള്ള കർശനനടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.