ഒഴുക്കില്‍പ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
1575473
Sunday, July 13, 2025 11:42 PM IST
മൂലമറ്റം: ത്രിവേണി സംഗമത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ത്രിവേണി സംഗമത്തിന് സമീപം നാച്ചാര്‍ പുഴയോരത്ത് താമസിക്കുന്ന തുരുത്തേല്‍ രത്നാകരന്റെ (65) മൃതദേഹമാണ് കാണാതായി മൂന്നാം ദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയത്.
കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പിന്‍വശത്തായി ജലാശയത്തിലാണ് ഇന്നലെ വൈകുന്നേരം 3.30ഓടെ മൃതദേഹം കണ്ടത്. വള്ളത്തില്‍ മീന്‍പിടിക്കാന്‍ പോയ പ്രദേശവാസികളാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടത്.
വെള്ളിയാഴ്ച വൈകുന്നേരം 5.45ന് ത്രിവേണി സംഗമത്തിന് സമീപം ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ രത്നാകരന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
നാട്ടുകാരും ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീമും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെയും അറക്കുളം, കാഞ്ഞാര്‍ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞാര്‍ എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. ഭാര്യ: ഓമന.