വളം വിലവർധന പിൻവലിക്കണം: കേരള കോൺഗ്രസ്
1575763
Monday, July 14, 2025 11:53 PM IST
ചെറുതോണി: കാർഷിക മേഖലക്ക് പ്രതിസന്ധിയായി മാറിയ രാസവളം വില വർധന പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് മരിയാപുരം മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. 50 കിലോ പൊട്ടാഷിന് ജൂലൈ ഒന്നു മുതൽ 250 രൂപയാണ് വർധിപ്പിച്ചത്. ഫാക്ടം ഫോസിന് രണ്ടു മാസം മുമ്പ് 100 രൂപയും ഈ മാസം 25 രൂപയും ഉൾപ്പെടെ 125 രൂപയുടെ വർധനവാണുണ്ടായിട്ടുള്ളത്. പൊട്ടാഷിനുണ്ടായ വില വർധന പൊട്ടാഷ് ചേരുന്ന കൂട്ട് വളങ്ങൾക്കും വില വർധനക്ക് കാരണമായിരിക്കുന്നു.
വിലവർധനവിനു പിന്നാലെ വളത്തിന്റെ ലഭ്യതയും കുറഞ്ഞിരിക്കുകയാണ്. ഇതോടെ കർഷകർ ഏറെ ബുദ്ധിമുട്ടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചെറുതോണി ഓഫീസിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സണ്ണി പുൽക്കുന്നേൽ അധ്യക്ഷത വഹിച്ചു.
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കേരള കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ലാലു ജോൺ കുമ്മിണിയിൽ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടോമി ജോസഫ് തൈലംമനാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി റോബി, പഞ്ചായത്തംഗം പ്രിജിനി ടോമി, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോളി ജോയി തുടങ്ങിയവർ പ്രസംഗിച്ചു.