പൊതു ഉപയോഗത്തിനുള്ള ഭൂമി ഡി-റിസർവ് ചെയ്ത് വനഭൂമിയിൽനിന്ന് ഒഴിവാക്കണം: ബിജോ മാണി
1575757
Monday, July 14, 2025 11:53 PM IST
കട്ടപ്പന: പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഭൂമിയിലും വ്യക്തികൾക്ക് പതിച്ച് നൽകിയ ഭൂമിയിലും വനംവകുപ്പ് ഉന്നയിക്കുന്ന അവകാശവാദം അവസാനിപ്പിക്കാൻ ഈ ഭൂമി ഡി - റിസർവ് ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച രേഖകൾ പ്രകാരം റവന്യു വകുപ്പ് പറയുന്നത് ഡി - റിസർവ് ചെയ്യാൻ നടപടി സ്വീകരിക്കേണ്ടത് വനം വകുപ്പാണെന്നാണ്.
വനം വകുപ്പ് പറയുന്നത് ഭൂമി ഡി - റിസർവ് ചെയ്യുന്നതിന് യൂസർ ഏജൻസിയായ ജില്ലാകളക്ടർ പരിവേഷ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്കാണ് നടപടി സ്വീകരിക്കുന്നതെന്നാണ്. എന്നാൽ,ഡി - റിസർവിന്റെ വിവരങ്ങൾ കളക്ടറേറ്റിൽ ലഭ്യമല്ലന്നും ഇത് വനം വകുപ്പുമായി ബന്ധപ്പെട്ടതാണെന്നും ജില്ലാ കളക്ടർ പറയുന്നു. നേര്യമംഗലത്ത് ദേശീയപാത വികസനത്തിനുള്ള ഭൂമി മലയാറ്റൂർ ഇടിയറ റിസർവുകളിൽ ഉൾപ്പെട്ടതാണെങ്കിൽ ഡി - നോട്ടീഫൈ ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല.
സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണം. പഴയ സംരക്ഷിത വനങ്ങളുടെ പട്ടികയിലുള്ള ജില്ലയിലെ പട്ടയ/ കൈവശഭൂമികളും വിവിധ വികസന പദ്ധതികൾക്കായി സർക്കാർ ഏറ്റെടുത്തിട്ടുള്ള ഭൂമിയും ഡി- റിസർവ് ചെയ്ത് സംരക്ഷിത വനത്തിന്റെ പട്ടികയിൽനിന്ന് ഒഴിവാക്കി വനം വകുപ്പിന്റെ കടന്നുകയറ്റത്തിൽനിന്ന് മലയോരജനതയെ സംരക്ഷിക്കണം.
ജില്ലയിലെ പട്ടയ / കൈവശ ഭൂമികളെല്ലാം സംരക്ഷിത വനത്തിന്റെ വിജ്ഞാപനത്തിൽ ഇപ്പോഴും ഉൾപ്പെട്ടു കിടക്കുകയാണ്. ഏതെങ്കിലും കാലത്തെ വിജ്ഞാപനങ്ങളുടെ പേരിൽ എല്ലാ ഭൂമിയിലും വനം വകുപ്പ് അവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ജില്ലയിലെ വികസന പദ്ധതികൾ തടസപ്പെടാനും ഭൂ പ്രശ്നങ്ങളിൽ പരിസ്ഥിതി സംഘടനകൾക്ക് അനുകൂലമായ കോടതി വിധികൾ ഉണ്ടാകാനും കാരണം. നേര്യമംഗലത്ത് ദേശീയപാത വികസനം തടസപ്പെടുത്തിയതും തൊമ്മൻകുത്തിൽ കൈവശ ഭൂമിയിലെ കുരിശ് പൊളിച്ചതും സിഎച്ച്ആറിലെ പട്ടയ വിതരണം സുപ്രീംകോടതി തടഞ്ഞതും ഏതോ കാലത്തെ സംരക്ഷിത വന വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ട ഭൂമിയാണ് ഇവ എന്ന വനം വകുപ്പിന്റെ അവകാശവാദത്തിന്റെ പേരിലാണ്.
കാർഡമം ഹിൽ, മലയാറ്റൂർ ഇടിയറ, തൊടുപുഴ, തെങ്കോത്തുമല, മൂളിമല, കുര്യൻകുന്ന്, അയ്യപ്പൻകോവിൽ, നഗരംപാറ എന്നീ റിസർവുകളിൽ ഉൾപ്പെട്ട ഭൂമിക്കാണ് ജില്ലയിൽ വിവിധ ഭൂപതിവ് നിയമപ്രകാരം പട്ടയം നൽകിയിട്ടുള്ളത്. ഇതിൽ സിഎച്ച്ആറിൽ ഉൾപ്പെട്ട 20363.159 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ 2009ൽ സുപ്രീംകോടതി അനുമതി നൽകിയതാണ്. ഈ ഭൂമി പോലും ഇതുവരെ ഡി - റിസർവ് ചെയ്തിട്ടില്ല. സംരക്ഷിത വനത്തിന്റെ പട്ടികയിലുള്ളതും എന്നാൽ, റവന്യു വകുപ്പ് പട്ടയം നൽകിയിട്ടുള്ളതുമായ ഭൂമികളൊന്നും ഡി - റിസർവ് ചെയ്തിട്ടില്ല.
കൂടാതെ കൊച്ചി - ധനുഷ്കോടി ദേശീയപാതയ്ക്ക് അനുവദിച്ച ഭൂമിയും റവന്യു വകുപ്പ് ജില്ലാ പഞ്ചായത്തിന് കൈമാറി ഇടുക്കി വികസന അഥോറിറ്റിക്ക് അനുവദിച്ച ഭൂമിയും ഈ സംരക്ഷിത വനങ്ങളിൽ ഉൾപ്പെട്ടതാണ്. ഈ ഭൂമിയും നാളിതുവരെ ഡി - റിസർവ് ( ഡി നോട്ടീഫൈ ) ചെയ്തിട്ടില്ല. ഡി - റിസർവ് ചെയ്യാനുള്ള നടപടി സ്വീകരിക്കാത്തത് റവന്യു- വനം വകുപ്പുകൾ പരസ്പരം പഴിചാരി ജനങ്ങളെ കുടുക്കി ഇടാനാണെന്നും ബിജോ മാണി ആരോപിച്ചു.
പത്രസമ്മേളനത്തിൽ ഡിസിസി വൈസ്പ്രസിഡന്റ് മുകേഷ് മോഹൻ, യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ, കോണ്ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോണ്ഗ്രസ് ഉടുന്പഞ്ചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും പങ്കെടുത്തു.