വാത്തിക്കുടി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ചും ധർണയും
1575760
Monday, July 14, 2025 11:53 PM IST
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ ഭരണസമിതിയുടെ നേതൃത്യത്തിൽ മാല്യന്യപ്പെട്ടി സ്ഥാപിച്ചതിൽ അഴിമതി നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് രാജിവച്ച് നിയമപരമായ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് വാത്തിക്കുടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്താഫീസിലേക്ക് മാർച്ചും ധർണയും നടത്തി. മുരിക്കാശേരി സ്കൂൾ ജംഗ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.
തുടർന്ന് മുരിക്കാശേരി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസഡിന്റ് ബേബി കാഞ്ഞിരത്താംകുന്നേൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷിജോ തടത്തിൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അപ്പച്ചൻ കടവിൽ, ഇ.എൻ. ചന്ദ്രൻ, കെ.യു. ബിനു, ജോമോൻ ജേക്കബ്, ജോർജ് അമ്പഴം, ഷൈൻ കല്ലേക്കുളം, റോണിയോ ഏബ്രാഹം, ബിജു മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യനിർമാർജനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 40 ലക്ഷം രൂപ നിയമാനുസൃതമായ മാനദണ്ഡങ്ങൾ പാലിക്കാതെ പഞ്ചായത്ത് ജനറൽ കമ്മിറ്റി, ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പർച്ചെയ്സ് കമ്മിറ്റി എന്നിവയുടെ തീരുമാനം ഇല്ലാതെയും ഗുണ- വിലനിലവാരം പരിശോധിക്കാതെയും വാങ്ങിയാണ് അഴിമതി നടത്തിയിരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.
പൊതുവിപണിയിൽ 1550 രൂപ മുതൽ 2850 രൂപ വരെ വിലവരുന്ന 4.100 കിലോഗ്രാം തൂക്കം വരുന്ന സ്റ്റീൽ വേസ്റ്റ് ബിന്നുകൾ 11694 രൂപ വീതം നൽകി 340 എണ്ണം വാങ്ങി. 3976086 രൂപയാണ് ഇതിനായ് പഞ്ചായത്ത് ഭരണസമിതി ചെലവഴിച്ചിരിക്കുന്നത്.
നൂറിൽ താഴെ മാത്രം മാലിന്യപ്പെട്ടികൾ ആവിശ്യമുള്ളുവെന്നിരിക്കെ 340 എണ്ണം വാങ്ങിയതിലൂടെ 30 ലക്ഷം രൂപയുടെ വ്യക്തമായ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് നേതാക്കൾ ആരോപിച്ചു.