സപ്തദിന ശില്പശാല ആരംഭിച്ചു
1575342
Sunday, July 13, 2025 7:11 AM IST
നെടുങ്കണ്ടം: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം ഫോർ ഗേൾസ് സപ്തദിന ശില്പശാല ആരംഭിച്ചു. സാമൂഹിക സാന്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്ന പെണ്‍കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തി ഇവരെ ശാസ്ത്രമേഖലയിൽ ഗവേഷണ പ്രതിബദ്ധതയോടെ ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള യൂണിവേഴ്സിറ്റി, വിദ്യാഭ്യാസ വകുപ്പ്, ഐസിഎസ്എസ്ആർ എന്നിവയുടെ സംയുക്ത സംരംഭമാണ് സ്റ്റെം ഫോർ ഗേൾസ്.
40 പെണ്‍കുട്ടികൾ പങ്കെടുക്കുന്ന പദ്ധതിയിൽ ഇലക്ട്രോണിക്സ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക് മേഖലകളിൽ ഏഴു ശനിയാഴ്ചകളിലായാണ് പരിശീലനം നൽകുന്നത്. ഇവരുടെ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കേരള യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന എക്സിബിഷനിൽ പ്രദർശിപ്പിക്കും. പങ്കെടുക്കുന്ന കുട്ടികൾക്ക് യൂണിവേഴ്സിറ്റി പങ്കാളിത്ത സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ശില്പശാലയുടെ ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് കെ.കെ. സജു അധ്യക്ഷത വഹിച്ചു.
കേരള യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫ. ഡോ. ദിവ്യ സി. സേനൻ പദ്ധതി വിശദീകരിച്ചു എഇഒ ജെൻസിമോൾ, ഹെഡ്മിസ്ട്രസ് ടി.ആർ. ശ്രീരേഖ, സീനിയർ അസിസ്റ്റന്റ് ബെന്നി തോമസ്, എ.കെ. സുധിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.