മൂ​ല​മ​റ്റം: ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ തു​രു​ത്തേ​ൽ ര​ത്നാ​ക​ര​നു (65) വേ​ണ്ടി​യു​ള്ള ര​ണ്ടാം ദി​വ​സ​ത്തെ തെ​ര​ച്ചി​ലും വി​ഫ​ലം. ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ൽനി​ന്നു​ള്ള സ്കു​ബ ടീ​മും മൂ​ല​മ​റ്റം ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും രാ​വി​ലെ മു​ത​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​വ​ർ ഹൗ​സി​ൽനി​ന്ന് വ​രു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ൽ കു​റ​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രാ​വി​ലെ ശ​ക്ത​മാ​യ മ​ഴ പെ​യ്ത​തി​നാ​ൽ നാ​ച്ചാ​റി​ലും വ​ലി​യാ​റി​ലും ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത് തെ​ര​ച്ചി​ലി​നു ത​ട​സ​മാ​യി.

ക​ൽ​പ്പ​ണി​ക്കാ​ര​നാ​യ ര​ത്നാ​ക​ര​ൻ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ചൂ​ണ്ട​യി​ട്ട് മീ​ൻപി​ടി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​വ​ർഹൗ​സി​ലെ ആ​റു ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ച്ച​തോ​ടെ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ ശ​ക്ത​മാ​യ ജ​ല​പ്ര​വാ​ഹ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​കു​ന്നേ​രം ആ​റോ​ടെ നി​ർ​ത്തിവ​ച്ച തെ​ര​ച്ചി​ൽ ഇ​ന്നു രാ​വി​ലെ പു​ന​രാ​രം​ഭി​ക്കും. ഓ​മ​ന​യാ​ണ് ര​ത്നാ​ക​ര​ന്‍റെ ഭാ​ര്യ.