യുവജനങ്ങളുടെ ശബ്ദത്തിനു ശക്തി പകരാൻ വിശ്വാസവും വേണം: മാർ നെല്ലിക്കുന്നേൽ
1575479
Sunday, July 13, 2025 11:42 PM IST
കരിമ്പൻ: പ്രവർത്തനങ്ങൾക്കൊപ്പം വിശ്വാസത്തിൽ ഉറച്ച നിലപാടോടെ സമൂഹത്തെ നേരിടാൻ യുവാക്കൾ തയാറാകണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. കരിന്പൻ സെന്റ് മേരീസ് പള്ളിയിൽ കെസിവൈഎം ഇടുക്കി രൂപത പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ക്രൈസ്തവ സമൂഹത്തിൽ യുവജനങ്ങൾക്കുള്ള പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ക്രിസ്തുവിനുവേണ്ടി ശബ്ദിക്കുന്നവരാകാൻ നമുക്കു കഴിയണം. നമ്മുടേതായ വിശ്വാസവും ആത്മസമർപ്പണവും ശുഭാശംസകളും ചേർന്നാൽ മാത്രമേ സമൂഹത്തിൽ യഥാർഥ മാറ്റം വരുത്താൻ കഴിയൂ. ഈ വർഷത്തെ പ്രവർത്തനങ്ങൾ യുവജനശബ്ദത്തിന് ആഴം നൽകുന്നതായിരിക്കട്ടെയെന്നും മാർ നെല്ലിക്കുന്നേൽ ആശംസിച്ചു.
കെസിവൈഎം രൂപത പ്രസിഡന്റ് സാം സണ്ണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ കർമപദ്ധതികളുടെ പ്രകാശനം നിർവഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ, കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനക്കലേട്ട്, അലക്സ് തോമസ്, ഫാ. ജോസഫ് നടുപ്പടവിൽ, ജെറിൻ പട്ടാംകുളം എന്നിവർ പ്രസംഗിച്ചു.
സിസ്റ്റർ ലിന്റ് എസ്എബിഎസ്, അജിൻ ജിൻസൺ, അമൽ ജിജു, എബിൻ പൂണേലി, ഐബിൻ, ഡെല്ല മാത്യു, സൗപർണിക സന്തോഷ്, സോനാ, അനു, ഡെല്ല സജി, അലോണ, അലൻസിയ, ഡമിൽ, ഡോണൾഡ്, ജിതിൻ, ക്രിസ്റ്റോ, നോയൽ, കെവിൻ ജോഷി എന്നിവർ നേതൃത്വം നൽകി.