തുടര്‍ച്ചയായ മഴയില്‍ ഏലച്ചെടികള്‍ അഴുകുന്നു
1575477
Sunday, July 13, 2025 11:42 PM IST
തൊടുപുഴ: തുടര്‍ച്ചയായി മഴ പെയ്യുന്നത് ജില്ലയിലെ ഏലം മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ഈ നില തുടര്‍ന്നാല്‍ ഉത്പാദനത്തില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കനത്ത മഴയും കാറ്റും മൂലം ഇപ്പോള്‍തന്നെ ഉത്പാദനത്തില്‍ 40 ശതമാനത്തോളം ഇടിവുണ്ടായതായി കര്‍ഷകര്‍ പറയുന്നു. പ്രധാന തോട്ടം മേഖലകളിലെല്ലാം തന്നെ അഴുകലും തട്ടമറിച്ചിലും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വേനലില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടങ്ങളില്‍നിന്നു കരകയറിവരുന്നതിനിടെയാണ് മഴയും കാറ്റും അടുത്ത പ്രതിസന്ധിസൃഷ്ടിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ കടുത്ത വേനലില്‍ ഇടുക്കിയിലെ നാല്പത് ശതമാനത്തിലേറെ ഏലച്ചെടിയാണ് ഉണങ്ങി നശിച്ചത്. കര്‍ഷകര്‍ക്ക് വന്‍ തോതില്‍ നഷ്ടമുണ്ടായതോടെ സര്‍ക്കാര്‍ ഏലം പുനരുദ്ധാരണത്തിനായി വരള്‍ച്ച ലഘൂകരണ ഫണ്ടില്‍നിന്നു പത്തു കോടിയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പുനഃകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നടീല്വസ്തുക്കള്ക്കായാണ് തുക അനുവദിച്ചത്. 1702 ഹെക്ടര്‍ സ്ഥലത്തെ ഏലം കൃഷി പുനരുദ്ധാരണത്തിനായി 10 കോടി അനുവദിച്ചു. ജില്ലയില്‍ തൊടുപുഴ ഒഴിച്ചുള്ള ഏഴ് ബ്ലോക്കുകളിലുള്ള കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. കഴിഞ്ഞ മാസങ്ങളിലാണ് കര്‍ഷകര്‍ക്ക് ഇതു പ്രകാരമുള്ള തുക ലഭിച്ചത്.
ധനസഹായവും വായ്പയും മറ്റും ചെലവഴിച്ചാണ് കര്‍ഷകര്‍ ഈ വര്‍ഷം കൃഷി പുനഃസ്ഥാപിച്ചത്. കടുത്ത വേനലിനെ പ്രതിരോധിക്കാന്‍ ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് ഏലച്ചെടികള്‍ക്ക് സംരക്ഷണവുമൊരുക്കിയിരുന്നു. അതിനാല്‍ ഈ വര്‍ഷം വേനല്‍ ശക്തമായിരുന്നെങ്കിലും കൃഷിയെ കാര്യമായി ബാധിച്ചില്ല. മെച്ചപ്പെട്ട വിളവ് കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ മേയ് പകുതിയോടെ ആരംഭിച്ച മഴ ഇടവേളകളില്ലാതെ തുടര്‍ന്നു. രണ്ടു മാസത്തോളമായി മഴ കൂടിയും കുറഞ്ഞും ഇടതടവില്ലാതെ പെയ്തു നില്‍ക്കുകയാണ്. ഇതാണ് ഏലച്ചെടികള്‍ക്ക് തിരിച്ചടിയായി മാറിയത്.
ഇടയ്ക്ക് ജില്ലയിലുണ്ടായ അതിതീവ്രമഴയിലും കാറ്റിലും ഏലം മേഖലയില്‍ വ്യാപക നാശമുണ്ടായി. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും ചെടികള്‍ നശിച്ചു. കാറ്റില്‍ ഏലത്തട്ടകള്‍ മറിഞ്ഞുവീണും നാശമുണ്ടായി. വിളവെടുപ്പിനു പാകമായ തട്ടകളാണ് നശിച്ചത്. ഇതോടെ വന്‍തോതില്‍ കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടു. കൃഷിവകുപ്പിന്റെ കണക്കു പ്രകാരംതന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് ഏലം മേഖലയിലുണ്ടായത്.
കനത്ത മഴ നീണ്ടുനിന്നതോടെയാണ് അഴുകല്‍രോഗം വ്യാപകമായത്. നെടുങ്കണ്ടം, ശാന്തന്‍പാറ, രാജകുമാരി, രാജാക്കാട്, വണ്ടന്മേട്, കുമളി, വണ്ടിപ്പെരിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലാണ് ചെടികള്‍ക്ക് രോഗബാധ ഏറെയുണ്ടായിരിക്കുന്നത്.
അഴുകലിനെ പ്രതിരോധിക്കാന്‍ ബോര്‍ഡോ മിശ്രിതം പ്രയോഗിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതിനാല്‍ കാര്യമായ ഫലപ്രാപ്തിയുണ്ടാകുന്നില്ലെന്ന് ഏലം കര്‍ഷകനും സൗത്ത് ഇന്ത്യന്‍ കാര്‍ഡമം പ്ലാന്റേഴ്സ് അസോസിയേഷന് സെക്രട്ടറിയുമായ സജി ചാക്കോ പറഞ്ഞു. ഏലച്ചെടിയുടെ ചരവും ചിമ്പുമാണ് അഴുകി നശിക്കുന്നത്. അഴുകല്‍ ബാധിച്ച തട്ടകള്‍ ഏലച്ചെടികളില്നിന്നു നീക്കം ചെയ്യുന്നതു തന്നെ ഭാരിച്ച ജോലിയാണ്.
ഇപ്പോള്‍ ഏലക്കായയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. ശരാശരി 2500 മുതല്‍ 2700 രൂപ വരെയാണ് വില ലഭിക്കുന്നത്. ഉത്പാദനം കുറഞ്ഞുപോയതാണ് വില ഉയരാന്‍ കാരണം. എന്നാല്‍ മെച്ചപ്പെട്ട വില ലഭിച്ചാലും ഉത്പാദനം കുറഞ്ഞാല്‍ കര്‍ഷകര്‍ക്ക് കനത്ത പ്രതിസന്ധിയായി മാറും.
മഴ ഇനിയും നീണ്ടുനിന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വേനലില്‍ ഉണ്ടായതിനേക്കാള്‍ വലിയ ആഘാതമായിരിക്കും ഇത്തവണയുണ്ടാകുകയെന്ന് കര്‍ഷകര്‍ പറയുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ മതിയായ സഹായം ഇപ്പോള്‍ തന്നെ ലഭ്യമാക്കാനുള്ള നടപടികള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.