ജാതിക്കര്‍ഷകര്‍ക്ക് പ്രചോദനമായി ഷാജന്റെ പ്രീമിയം ജാതി
1575475
Sunday, July 13, 2025 11:42 PM IST
ബിജു കലയത്തിനാല്‍
ചെറുതോണി: കര്‍ഷകര്‍ക്ക് പ്രതീക്ഷയും ഉത്തേജനവുമായി പുതിയ പ്രീമിയം ജാതി വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഷാജന് പുന്നത്താനമെന്ന യുവ കര്ഷകന്.
കൊന്നത്തടി പഞ്ചായത്തില്‍ പണിക്കന്‍കുടി സെന്റ് മാര്ട്ടിന് ഹില്‍സിലെ പുന്നത്താനം ഫാം ഉടമയായ ഷാജന് വര്‍ഗീസിന്റെ നേട്ടം ജാതികൃഷിയില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പുന്നത്താനം ജാതിക്ക് രാഷ്ട്രപതിയുടെ അവാര്‍ഡും 2018ല്‍ സംസ്ഥാന കാര്‍ഷിക പുരസ്കാരവും കരസ്ഥമാക്കിയ കര്‍ഷകനായ വര്‍ക്കി തൊമ്മന്റെ മകനാണ് ഷാജന്.
നാലുമുതല്‍ അഞ്ചു ഗ്രാം വരെ തൂക്കം വരുന്ന ജാതിപത്രിയും 15 മുതല്‍ 20 ഗ്രാം വരെ തൂക്കം വരുന്ന ഉണങ്ങിയ കായ്കളുമാണ് പ്രീമിയം ജാതിയുടെ പ്രധാന സവിശേഷത. ചതുരശ്ര മീറ്ററിന് 50ലധികം കായ്കള്‍ ലഭിക്കും. മറ്റു ജാതികളെക്കാള് വേഗത്തില്‍ മികച്ച വിളവ് ലഭിക്കുന്നതും കര്‍ഷകര്‍ക്കിടയില്‍ പ്രീമിയം ജാതിയെ പ്രശസ്തമാക്കി. വലിപ്പമുള്ള ജാതിക്കായയെ പൊതിഞ്ഞു നില്ക്കുന്ന തിളങ്ങുന്ന ചുവപ്പ് പത്രിയും കര്‍ഷകരെ ആകര്‍ഷിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെയും കീടബാധകളെയും നേരിടാന്‍ ഈ ജാതിക്ക് മികച്ച ശേഷിയുണ്ടെന്ന് ഷാജന് പറയുന്നു. നൂതന ജാതികള്‍ ചെറുകിട കര്‍ഷകരുടെ വരുമാന വര്‍ധനവിനും കാര്‍ഷിക മേഖലയെ ആധുനികമാക്കുന്നതിനും വഴിയൊരുക്കും. കേരളത്തിന്റെ സുഗന്ധവിള കൃഷിയെ ആഗോളതലത്തില്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഷാജന് പറഞ്ഞു.
2022ല്‍ കൊന്നത്തടി കൃഷിഭവന്റെ യുവകര്‍ഷക അവാര്‍ഡും 2024ല്‍ തമിഴ്നാട് ഐഎസ്എച്ച്എ ഫൗണ്ടേഷന്റെ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഷാജനെ തേടിയെത്തിയിട്ടുണ്ട്. അടിമാലി തളിര് നാച്വറല്‍ പ്രൊഡ്യൂസേഴ്സ് അഡ്വൈസറി അംഗവുമാണ്.
ഷാജന് മാര്‍ഗനിര്‍ദേശങ്ങളുമായി കൊന്നത്തടി കൃഷി ഓഫീസര്‍ ബിജുവും ഒപ്പമുണ്ട്. ഐഐഎസ്ആര്‍ കോഴിക്കോട്, കെവികെ ശാന്തന്‍പാറ, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി, കെഎയു തൃശൂര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍ ഷാജന്റെ തോട്ടം സന്ദര്‍ശിച്ച് നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭാര്യ ക്ലെജി ജോസും കൃഷിയില്‍ ഷാജന് പൂര്‍ണ പിന്തുണ നല്കുന്നു.