സ്വര്‍ഗംമേട് മലനിരകളിൽ കൈയേറ്റമെന്ന് പരാതി
1575769
Monday, July 14, 2025 11:53 PM IST
രാജാക്കാട്: സേനാപതി പഞ്ചായത്തിലെ സ്വർഗംമേട്ടില്‍ കൈയേറ്റമെന്ന് പരാതി. കാന്തിപ്പാറ വില്ലേജിന്റെ ഭാഗമായുള്ള മലമുകളില്‍ വലിയ രീതിയില്‍ കൈയേറ്റം നടക്കുന്നതായാണ് ആരോപണം. മുമ്പ് ചൊക്രമുടി മലനിരകളില്‍ വ്യാപകമായി ഉണ്ടായ കൈയേറ്റത്തിനെതിരേ റവന്യു വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമാനമായ ഭൂപ്രകൃതി നിലനില്‍ക്കുന്ന സ്വര്‍ഗംമേട് മലനിരയില്‍ കൈയേറ്റം നടക്കുന്നത്. മലമുകളില്‍ ഭൂമി പ്ലോട്ട് തിരിച്ചാണ് കൈയേറ്റം നടക്കുന്നത്. പുല്‍മേടുകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
മുമ്പും ഇതേ മലമുകളില്‍ അനധികൃതമായി റോഡ് നിര്‍മാണം നടത്തിയത് റവന്യൂ വകുപ്പ് കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രകൃതി മനോഹാരിത നിറഞ്ഞു നില്ക്കുന്ന മലമുകളിലെ ടൂറിസം സാധ്യത മുന്നില്‍ കണ്ടാണ് റിസോര്‍ട്ട് - ഭൂ മാഫിയാ ഇവിടെ കടന്നുകയറ്റം നടത്തുന്നതെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീന്‍കെയര്‍ കേരള ജില്ലാകളക്ടര്‍, റവന്യു മന്ത്രി, വിജിലന്‍സ് ഡയറക്ടര്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എന്നിവര്‍ക്ക് പരാതിയും നല്കി.