ജീവനക്കാരില്ല; തൊടുപുഴ നഗരസഭാ ഭരണം പ്രതിസന്ധിയിൽ
1576333
Thursday, July 17, 2025 12:02 AM IST
തൊടുപുഴ: ജീവനക്കാരില്ലാത്തതു മൂലം തൊടുപുഴ നഗരസഭാ ഭരണം പ്രതിസന്ധിയിലായതോടെ അടിയന്തരമായി ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് ചെയർമാൻ കെ. ദീപക് തദ്ദേശ വകുപ്പ് മന്ത്രി, മുനിസിപ്പൽ ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി. നഗരസഭയുടെ നിരന്തരമായ ആവശ്യപ്രകാരം ഒരു അസിസ്റ്റന്റ് എൻജിനിയറെ നിയമിച്ചതായി ചെയർമാൻ അറിയിച്ചു. ഇദ്ദേഹം 21ന് ചാർജെടുക്കും.
നഗരസഭയിൽ രണ്ട് ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാരുടെയും രണ്ട് തേർഡ് ഗ്രേഡ് ഓവർസിയർമാരുടെയും ഒഴിവാണുള്ളത്. എൻജനിയർമാരുടെയും ഓവർസിയർമാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുന്നത് നഗരസഭയിലെ നിർമാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിലും ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതിനു പുറമേ അസിസ്റ്റന്റ് സെക്രട്ടറി, റവന്യു ഇൻസ്പെക്ടർ എന്നീ തസ്തികകളിലും ജീവനക്കാരില്ലാത്ത സ്ഥിതിയാണ്.
പഞ്ചായത്തുകളിൽപോലും ഇത്തരത്തിലുള്ള തസ്തികകൾ ഒഴിവില്ലാത്തപ്പോഴാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയേറിയ നഗരസഭയായ തൊടുപുഴ ആവശ്യത്തിന് ഉദ്യോഗസ്ഥരുടെ കുറവുമൂലം വീർപ്പുമുട്ടുന്നത്. 1978-ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇപ്പോഴും നഗരസഭയ്ക്കുള്ളത്. 2015-ൽ തൊടുപുഴയെ ഒന്നാം ഗ്രേഡ് നഗരസഭയായി ഉയർത്തിയിരുന്നു.
എന്നാൽ ഇതിന് ആനുപാതികമായ ജീവനക്കാരെ നഗരസഭയിൽ ഇതുവരെയും വിന്യസിച്ചിട്ടില്ല. ആരോഗ്യവിഭാഗത്തിലും ജനറൽ വിഭാഗത്തിലും നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടെന്നും എത്രയും വേഗം നടപടി ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും ചെയർമാൻ അറിയിച്ചു.