ജീപ്പ് സഫാരി നിരോധനം പൂർണമായും പിൻവലിക്കണം: കത്തോലിക്ക കോൺഗ്രസ്
1576037
Tuesday, July 15, 2025 11:30 PM IST
കുഴിത്തൊളു: ഹൈറേഞ്ചിന്റെ ജീവനാഡിയായ ജീപ്പ് സഫാരി നിരോധിച്ച ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പൂർണമായും പിൻവലിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കുഴിത്തൊളു യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പുതിയ ഉത്തരവു മൂലം ആയിരക്കണക്കിന് സാധാരണക്കാരുടെ ഉപജീവനം മാർഗമാണ് ഇല്ലാതായിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഉൾപ്രദേശങ്ങൾ കണ്ട് ആസ്വദിക്കുന്നതിന് ഓഫ് റോഡുകളിലൂടെയുള്ള ജീപ്പുയാത്രയും ട്രക്കിംഗും പ്രധാന ആകർഷക ഘടകമാണ്. പുതിയ ഉത്തരവോടെ ഈ അവസരമാണ് വിനോദസഞ്ചാരികൾക്ക് നഷ്ടമായിരിക്കുന്നത്. സഫാരി നിരോധനം ഏർപ്പെടുത്തിയതോടെ മേഖലയിലെ തൊഴിലാളികളും വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കുഴിത്തൊളു ദീപ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് യൂണിറ്റിന്റെ വാർഷിക പൊതുയോഗം വികാരി ഫാ. തോമസ് കപ്പിയാങ്കൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സണ്ണി പൊട്ടനാനി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് മുഖ്യപ്രഭാഷണം നടത്തി.
സിഎ, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അമൽ ജോളി വെട്ടുപറമ്പിൽ, ഇസബെൽ കളപ്പുരയ്ക്കൽ എന്നിവരെ യോഗത്തിൽ ആദരിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, കാഞ്ഞിരപ്പള്ളി രൂപത ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, രൂപത സമിതി അംഗം ജോസ് മടുക്കക്കുഴി, അഗസ്റ്റിൻ കുറുമണ്ണ്, മാത്യു തോട്ടുപുറത്ത്, ജോൺ കാരക്കുന്നേൽ, മിനി കൂടല്ലിൽ, ജിൻസമ്മ കണ്ണംകുളത്ത് എന്നിവർ പ്രസംഗിച്ചു.