റീൽസ് കണ്ടിട്ടെങ്കിലും അധികൃതർ കണ്ണുതുറക്കുമോ?
1576052
Tuesday, July 15, 2025 11:31 PM IST
തൊടുപുഴ: പന്ത്രണ്ടു വർഷമായി തകർന്നുകിടക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാത്തതിനെത്തുടർന്ന് വ്യത്യസ്ത സമരമുറയുമായി നാട്ടുകാർ രംഗത്ത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ റീൽസ് ചിത്രീകരിച്ച് ഇതു സമൂഹമാധ്യമ പേജുകളിൽ പോസ്റ്റു ചെയ്താണ് ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം. നൂറുകണക്കിന് കുടുംബങ്ങൾ യാത്രചെയ്യുന്ന ചിലവ്-മാരാംപാറ റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് റീൽസ് ചിത്രീകരണം.
ആലക്കോട്, കരിമണ്ണൂർ പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. വർഷങ്ങൾക്കു മുന്പ് പൊതുമരാമത്ത് വകുപ്പിനു കീഴിലായിരുന്ന റോഡ് പിന്നീട് ആലക്കോട് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തി. പന്ത്രണ്ടു വർഷം മുന്പ് പിഡബ്ല്യുഡി റോഡിൽ ടാറിംഗ് നടത്തിയതിനു ശേഷം ഇതുവരെ നിർമാണ ജോലികൾ ഒന്നും പൂർണമായി നടത്തിയിട്ടില്ല.
ഇതിനിടെ എംഎൽഎ ഫണ്ടിൽനിന്ന് 24 ലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ 10 ലക്ഷവും വിനിയോഗിച്ച് 2023-ൽ 900 മീറ്റർ ടാറിംഗ് നടത്തി. ബാക്കിവരുന്ന ഒരു കിലോമീറ്ററോളം ദൂരമാണ് പൂർണമായും തകർന്നുകിടക്കുന്നത്. മാരാംപാറ മുതൽ ഓലിക്കാമറ്റം ജംഗ്ഷൻ വരെയുള്ള 1.55 കിലോമീറ്റർ ദൂരവും തകർന്ന നിലയിലാണ്.
വെള്ളിയാമറ്റം, അറക്കുളം, ആലക്കോട് പഞ്ചായത്തുകളിൽനിന്നുള്ളവർക്ക് തൊടുപുഴയിൽ എത്താതെ കരിമണ്ണൂർ, ഉടുന്പന്നൂർ , വണ്ണപ്പുറം ഭാഗത്തേക്ക് എത്താനുള്ള എളുപ്പവഴിയാണ് ഇത്. അഞ്ഞൂറോളം കുട്ടികളും 13 സ്കൂൾ വാഹനങ്ങളും നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും ദിനംപ്രതി ഇതുവഴി സഞ്ചരിക്കുന്നുണ്ട്. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ബിഎംബിസി നിലവാരത്തിൽ നിർമിക്കണമെന്നും ഐറിഷ് ഓട നിർമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ചിലവ് ക്രിസ്തുരാജ് പള്ളി വികാരി ഫാ. ജോസഫ് താന്നിക്കൽ പറഞ്ഞു. ഇതേത്തുടർന്നാണ് ഇടവക പരിധിയിലെ റോഡിന്റെ അവസ്ഥ എന്ന വിഷയം ആസ്പദമാക്കി റീൽസ് മത്സരം സംഘടിപ്പിച്ചത്. ഇതു പള്ളിയുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. ഇന്നലെ വരെയുള്ള വ്യൂസിന്റെ എണ്ണവും ആശയവും കണക്കിലെടുത്തായിരിക്കും സമ്മാനാർഹരെ തെരഞ്ഞെടുക്കുക. റോഡിലൂടെ ദുരിതയാത്ര നടത്തി പൊറുതിമുട്ടിയ നാട്ടുകാരുടെ ദുരവസ്ഥ റീൽസിലൂടെയെങ്കിലും അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.