27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
1576049
Tuesday, July 15, 2025 11:31 PM IST
കട്ടപ്പന: 27 ഗ്രാം എംഡിഎംഎയുമായി ബംഗളൂരുവില്‍നിന്ന് കട്ടപ്പനയിലെത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി പയാറ്റുവളപ്പില് ഷാലീന ഹൗസില്‍ ഫാരിസ് മുഹമ്മദി (31) നെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോനും സംഘവും പിടികൂടിയത്. പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കട്ടപ്പന ബൈപാസ് റോഡില്‍ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് ദേഹത്ത് ഒളിപ്പിച്ചുവച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തത്.
ചൊവ്വാഴ്ച രാവിലെ ബംഗളൂരുവില്‍നിന്ന് എത്തിയ യുവാവ് മറ്റാര്‍ക്കോ നല്‍കാനാണ് രാസലഹരി എത്തിച്ചത്. ലഹരിയുടെ ഉറവിടവും ആര്‍ക്കാണ് വില്ക്കാന് കൊണ്ടുവന്നതെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ പോലീസ് ചോദ്യംചെയ്യല്‍ ആരംഭിച്ചു. കോഴിക്കോട് സ്വദേശിയായ ഫാരിസ് മുഹമ്മദ് അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തില്‍പ്പെട്ടയാളാണെന്നും പോലീസ് സംശയിക്കുന്നു.
കോഴിക്കോട് പോലീസുമായി ബന്ധപ്പെട്ട് ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുന്നു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന്റെ കീഴിലുള്ള ഡാന്‍സാഫ് ടീമും കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്, എസ്ഐമാരായ ഷാജി ഏബ്രഹാം, ബെര്ട്ടിന് ജോസ്, പി.വി. മഹേഷ്, എസ് സിപിഒ ഷെമീര്‍, സിപിഒമാരായ ബിബിന്‍ മാത്യു, ആര്. ഗണേഷ്, സിനോജ് ജോസഫ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.