വെള്ളയാംകുടി യുപി സ്കൂളിൽ ലഹരിക്കെതിരേ "എന്റെ കൈവിരൽച്ചാർത്ത് ’
1576041
Tuesday, July 15, 2025 11:30 PM IST
കട്ടപ്പന: വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റ് നിർവഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ സൂംബ ഡാൻസ് അരങ്ങേറി.
സ്കൂൾ ചെയർപേഴ്സൻ അമല സജേഷ് ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പൊതു സ്ഥാപനങ്ങളിലും കടകളിലും പൊതു വാഹനങ്ങളിലും സ്റ്റിക്കർ പതിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. ലഹരിവിരുദ്ധ സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റിക്കർ പ്രചാരണം നടത്തുന്നത്.
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. രാജശേഖരൻ, കട്ടപ്പന മുനിസിപ്പൽ കൗണ്‍സിലർ ബീന സിബി, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ, പിടിഎ പ്രസിഡന്റ് ജയിംസ് വർഗീസ്, പിടിഎ വൈസ് പ്രസിഡന്റ് പ്രശാന്ത് രാജു തുടങ്ങിയവർ പ്രസംഗിച്ചു. ലഹരിക്കെതിരേ കൈയൊപ്പ് ചാർത്തി വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശത്തിന്റെ അംബാസഡർമാരായി മാറുമെന്ന് പ്രതിജ്ഞയെടുത്തു.